എൻ. വിജയൻപിള്ള എം.എൽ.എ വിടവാങ്ങിയിട്ട് ഇന്നലെ നാല്പത്തിയൊന്ന് ദിനങ്ങൾ
ചവറ: എൻ. വിജയൻപിള്ള എം.എൽ.എ ഓർമ്മയായിട്ട് ഇന്നലെ നാല്പത്തിയൊന്ന് ദിനങ്ങൾ.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്ത്യകർമ്മങ്ങൾ ചടങ്ങായി മാത്രമാണ് നടത്തിയത്. അതിനാൽ അച്ഛന്റെ ഓർമ്മയ്ക്കായി മകൻ ഡോ. സുജിത്ത് ചവറ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും സമൂഹിക അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള സാധനങ്ങൾ വാങ്ങി നൽകി.
അപ്രതീക്ഷിതമായാണ് അച്ഛൻ രോഗബാധിതനായതെന്ന് സുജിത്ത് പറയുന്നു. എന്റെ ഓർമ്മയിൽ അദ്ദേഹം ഒരുദിവസം പോലും ആശുപത്രിയിൽ കിടന്നിട്ടുണ്ടോയെന്ന് സംശയമാണ്. അസുഖബാധിതനായിരുന്നപ്പോഴും വലിയ ആത്മവിശ്വാസമായിരുന്നു. മണ്ഡലത്തിന്റെ വികസനമായിരുന്നു എപ്പോഴും ചർച്ച ചെയ്തിരുന്നത്. എത്രയും വേഗം പൊതുരംഗത്തേക്ക് മടങ്ങിവരാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
നേരത്തെ ചവറ പഞ്ചായത്തിലെ തോട്ടിനുവടക്ക് വാർഡ് മെമ്പറായിരുന്നപ്പോഴും തുടർന്ന് ജില്ലാ പഞ്ചായത്തിൽ തേവലക്കര ഡിവിഷൻ പ്രതിനിധിയായിരുന്നപ്പോഴും വികസനമായിരുന്നു കൈമുതൽ. പിന്നീട് ചവറ എം.എൽ.എ ആയപ്പോഴും തന്റെ ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് അവർക്കായി ഓടിനടന്നു. ഇതിനിടയാണ് അപ്രതീക്ഷിതമായി ആശുപത്രി കിടക്കയിലായതും വിടവാങ്ങിയതും.
അച്ഛന്റെ സ്നേഹം ഈ നാട് തിരികെ നൽകുന്നുണ്ട്. ആ ഓർമ്മകളാണ് ഇപ്പോൾ കൊവിഡ് കാലത്ത് ഒരു കൈ സഹായമെത്തിക്കാൻ പ്രേരിപ്പിച്ചതെന്നും ഡോ. സുജിത്ത് പറയുന്നു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ, കൗൺസിലർ ജയൻ, ചവറ എം.എൽ.എ ഓഫീസ് സെക്രട്ടറി ബാബു എന്നിവർ പങ്കെടുത്തു.