ഓച്ചിറ: ഗുരുതര രോഗംമൂലം കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി സി.പി.എെ ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ആരംഭിച്ച അതിജീവനം സഹായ പദ്ധതിയുടെ ഉദ്ഘാടനം മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്. കൃഷ്ണകുമാർ നിർവഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളുടെ ഭക്ഷണം, മരുന്ന്, ആശുപത്രിയിലേക്കുള്ള യാത്രാ ചെലവ് എന്നിവ നൽകുന്നതാണ് പദ്ധതി. തിരഞ്ഞെടുത്ത കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം പൂർത്തിയായി. അടുത്തതായി മുൻഗണനാപ്രകാരം മരുന്നുകൾ എത്തിച്ചുനൽകുമെന്ന് എൽ.സി സെക്രട്ടറി അബ്ദുൾ ഖാദർ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി കെ.വി.ശശിധരൻ, മനയ്ക്കൽ സോമൻ, ലത്തീഫ്, നവാസ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി.