പുനലൂർ: വീട്ടിലെ രഹസ്യഅറയിലും സമീപത്തെ പുരയിടത്തിലും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 30 ലിറ്റർ ചാരായവുമായി വൃദ്ധ ദമ്പതികൾ അറസ്റ്റിൽ. അച്ചൻകോവിൽ സുരേഷ് ഭവനിൽ മുറികയ്യൻ മണിയൻ പിള്ള എന്ന രാധാകൃഷ്ണ പിളള (69), ഭാര്യ വിലാസിനി (60) എന്നിവരെയാണ് അച്ചൻകോവിൽ എസ്.ഐ ജി. ഗിരീഷിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ 3ന് അറസ്റ്റ് ചെയ്തത്.
വീടിനോട് ചേർന്ന് പുതുതായി നിർമ്മിച്ച മുറിയിലെ രഹസ്യഅറയിലും പുറത്ത് കുപ്പിയിലും കന്നാസുകളിലുമായി ഒളിപ്പിച്ച ചാരായമാണ് പിടികൂടിയത്. ഒരു കുപ്പി ചരായത്തിന് 800 രൂപ മുതൽ 1000 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. വിലാസിനിയുടെ ഇളയ സഹോദരിയുടെ മരുമകൻ ഉണ്ണികൃഷ്ണപിള്ളയെ 15കുപ്പി വാറ്റുചാരായവും 300 ലിറ്റർ കോടയുമായി കഴിഞ്ഞയാഴ്ച പുനലൂരിലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വീട്ടിനുളളിലെ രഹസ്യ അറയിൽ നിന്നാണ് ചാരായവും കോടയും അന്നും പിടികൂടിയത്. ചാരായം സൂക്ഷിക്കാൻ രാധാകൃഷ്ണപിള്ളയുടെ വീട്ടിൽ രഹസ്യ അറ പണിത് നൽകിയതും ഉണ്ണികൃഷ്ണനായിരുന്നു. 35 വർഷമായി വ്യാജവാറ്റിലേർപ്പെട്ടിരുന്ന രാധാകൃഷ്ണ പിളളയ്ക്കെതിരെ 43 ഓളം അബ്കാരി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ പ്രകാശ്, ശ്രീകൃഷ്ണകുമാർ, എ.എസ്.ഐ എസ്മണ്ട്, സി.പി.ഒമാരായ രാജേഷ്, മിനി, അജു ലൂക്കോസ്, ഫിറോസ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
മലയോര മേഖലയിൽ വാറ്റ് സജീവം
ലോക്ക് ഡൗണിൽ മദ്യവിൽപ്പന ശാലകൾ അടഞ്ഞതോടെ മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്കാണ്. അച്ചൻകോവിലിന് പുറമെ ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, വെഞ്ച്വർ, ഇരുളൻകാട്, അമ്പനാട്, തെന്മല, ഒറ്റക്കൽ, ഉറുകുന്ന്, തോണിച്ചാൽ, ഉപ്പുകുഴി, ചാലിയക്കര, ഓലപ്പാറ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വ്യാജവാറ്റ് വർദ്ധിച്ചു. എക്സൈസും പൊലീസും പരിശോധന കർശനമാക്കുമ്പോഴും നിരവധി കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.
ഡ്രോൺ നിരീക്ഷണം ശക്തമാക്കണം
വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും ഉൾക്കാട്ടിലുമാണ് വാറ്റുകാർ കേന്ദ്രമാക്കിയിരിക്കുന്നത്. ഇവിടെ പരിശോധന നടത്തുന്നതിന് അധികൃതർക്ക് പരിമിതികളുണ്ട്. പലപ്പോഴും എക്സൈസ് സംഘം എത്തുമ്പോഴേക്കും വാറ്റുകാർ കാട്ടിനുള്ളിലേക്ക് മറയുകയാണ് പതിവ്. ഉൾക്കാട്ടിലെ വാറ്റുകേന്ദ്രങ്ങൾ കണ്ടെത്താൻ വനപാലകരുടെ സഹായം തേടുകയാണ് എക്സൈസ് ഇതിനോടൊപ്പം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ശക്തമാക്കിയാലേ വ്യാജവാറ്റിന് അറുതിവരുത്താൻ സാധിക്കൂ
പിടിച്ചെടുത്തത്: 30 ലിറ്റർ ചാരായം
വില ഈടാക്കിയിരുന്നത്: 800- 1000 രൂപ
പ്രതിക്കെതിരെ: 45ഓളം കേസുകൾ