വിളവെടുത്ത 'ഹരിത മിൽമ' പച്ചക്കറികൾ കൈമാറി
കൊല്ലം: 'ഹരിത മിൽമ' പദ്ധതിയിലൂടെ വിളവെടുത്ത പച്ചക്കറികൾ കോർപ്പറേഷന്റെ സാമൂഹിക അടുക്കളയിലേക്ക് സൗജന്യമായി നൽകി മിൽമ മാതൃകയായി. കോർപ്പറേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ മേയർ ഹണി ബെഞ്ചമിന് തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് പച്ചക്കറികൾ കൈമാറി.
ക്ഷീര കർഷകരിലൂടെ വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് തിരുവനന്തപുരം മിൽമ പ്രാഥമിക ക്ഷീര സംഘങ്ങൾ വഴി ഹരിത മിൽമ പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചർ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നാണ് വിത്തുകൾ വാങ്ങിയത്. 2222 മുന്തിയ ഇനം ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ചായിരുന്നു കൃഷി. ഇതിന് മുന്നോടിയായി ക്ഷീര കർഷകർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു.
ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപയാണ് തിരുവനന്തപുരം മേഖലയിലെ നാല് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 11 ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് അനുവദിച്ചത്. ജില്ലയിലെ കിഴക്കേകല്ലട, കരിംതോട്ടുവ ക്ഷീര സംഘങ്ങളിലാണ് പച്ചക്കറി കൃഷി നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിളവെടുക്കുന്ന പച്ചക്കറികൾ അതാത് പ്രദേശങ്ങളിലെ സാമൂഹിക അടുക്കളയിലേക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കല്ലട രമേശ് പറഞ്ഞു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ, മേഖലാ യൂണിയൻ പരിധിയിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് പച്ചക്കറികൾ കൈമാറിയിരുന്നു. ചടങ്ങിൽ ഡപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസ്, മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. വേണുഗോപാലക്കുറുപ്പ്, കെ. രാജശേഖരൻ, ഡയറി മാനേജർ ഡോ. പി. മുരളി, പി ആൻഡ് ഐ മാനേജർ ഡോ. കെ.ജെ. സൂരജ് എന്നിവർ പങ്കെടുത്തു.