തഴവ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച തഴവയിലെ സാമൂഹിക അടുക്കള അടച്ചുപൂട്ടി. സർക്കാർ മാർഗനിർദ്ദേശ പ്രകാരമുള്ള യോഗ്യരായ ഗുണഭോക്താക്കൾ പഞ്ചായത്തിലില്ല എന്നതാണ് അടുക്കള പൂട്ടിയതിന് ന്യായമായി അധികൃതർ പറയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന റേഷൻ കാർഡില്ലാത്ത ശാരീരിക വെല്ലുവിളി നേരിടുന്നവർക്കാണ് സൗജന്യ ആഹാരത്തിന് യോഗ്യതയെന്നാണ് ഇവരുടെ വാദം. ഇതോടെ തുടക്കം മുതൽ സാമൂഹിക അടുക്കള പ്രയോജനപ്പെടുത്തിയിരുന്ന നൂറിലധികം പേർ ദുരിതത്തിലായി.
കുടുംബശ്രീ സംവിധാനം പ്രയോജനപ്പെടുത്തിയാണ് തഴവ ഗ്രാമപഞ്ചായത്തിൽ സാമൂഹിക അടുക്കള പ്രവർത്തിച്ചിരുന്നത്. അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെങ്കിലും അനുബന്ധ ചെലവുകൾക്ക് പണം കണ്ടെത്താൻ കഴിയാത്തതാണ് വിനയായത്. 14ന് സാമൂഹിക അടുക്കള അടച്ചുപൂട്ടിയപ്പോൾ മൂവായിരം കിലോ അരിയും ആയിരത്തിലധികം കിലോ പച്ചക്കറിയും നീക്കിയിരിപ്പുണ്ടായിരുന്നു. ഇത് അതത് വാർഡിലേക്കായി ജനപ്രതിനിധികൾ പങ്കിട്ടെടുത്തു.
ജനതാ ഹോട്ടൽ വഴി പത്തോളം പേർക്ക് മാത്രമാണ് പഞ്ചായത്തിൽ ഇപ്പോൾ സൗജന്യ ഭക്ഷണവിതരണം നടത്തുന്നത്. ക്ഷേമപെൻഷൻ, സൗജന്യ റേഷൻ, പലവ്യഞ്ജന കിറ്റ് എന്നിവ ലഭിച്ച സാഹചര്യത്തിൽ നിർദ്ധനർക്ക് സൗജന്യമായി ആഹാരം നൽകേണ്ടതില്ലെന്നാണ് അധികൃതരുടെ വാദം.
വ്യാപക പ്രതിഷേധം
സർക്കാർ നിർദ്ദേശത്തിന്റെ മറവിൽ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനായാണ് സാമൂഹിക അടുക്കള അടച്ചു പൂട്ടിയതെന്ന് കുടുംബശ്രീ ഭാരവാഹികൾ പറയുന്നു. നിർദ്ധനരായ ഗ്രാമവാസികൾക്ക് നൽകിക്കൊണ്ടിരുന്ന ഭക്ഷണ വിതരണം പാതിവഴിയിൽ ഉപേക്ഷിച്ച പഞ്ചായത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തുടക്കം മുതൽ പ്രതിദിനം 150 മുതൽ 170 പേർക്ക് വരെ രണ്ട് നേരം കഴിക്കാനുള്ള ഭക്ഷണം ഇവിടെ നിന്ന് വിതരണം ചെയ്തിരുന്നു.
...................................................
ആഹാര ദൗർലഭ്യമെന്ന സാഹചര്യമില്ലെന്ന പൊതുഅഭിപ്രായം പരിഗണിച്ചാണ് പഞ്ചായത്തിലെ സാമൂഹിക അടുക്കളയുടെ പ്രവർത്തനം ഉപേക്ഷിച്ചത്. അർഹരായവർക്ക് ജനതാ ഹോട്ടലിൽ നിന്ന് ആഹാരം വിതരണം ചെയ്യുന്നുണ്ട്.
ജനചന്ദ്രൻ, സെക്രട്ടറി തഴവ ഗ്രാമപഞ്ചായത്ത്.
................................................................
ലോക്ക് ഡൗണിന്റെ തുടക്കം മുതൽ സാമൂഹിക അടുക്കളയിലൂടെ ആഹാരം നൽകിവന്ന നിർദ്ധനരെ പാതിവഴിയിൽ ഉപേക്ഷിച്ച നിലപാട് ക്രൂരവും മനുഷ്യത്വ രഹിതവുമാണ് നിരവധി പേരാണ് പഞ്ചായത്തിൽ ആഹാരത്തിനായി ഇപ്പോൾ നെട്ടോട്ടമോടുന്നത്.
പാവുമ്പ സുനിൽ, പ്രതിപക്ഷ നേതാവ്, തഴവ ഗ്രാമ പഞ്ചായത്ത്.
............................................. സമൂഹിക അടുക്കളവഴിയുള്ള ആഹാര വിതരണത്തിന്റെ അളവ് ക്രമാനുഗതമായി കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശം അനുസരിച്ചാണ് നടപടി. അത്യാവശ്യക്കാരെ മാത്രം കണ്ടെത്തി അവർക്ക് ജനതാ ഹോട്ടലിൽ നിന്ന് ആഹാരം നൽകി വരുന്നു. എസ്.ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ്