photo

കൊല്ലം: പവിത്രേശ്വരം പഞ്ചായത്തിലെ സാമൂഹിക അടുക്കളയിൽ നിന്നും പൊതിച്ചോർ വിതരണത്തിന് പോയ സന്നദ്ധപ്രവർത്തകനെ എഴുകോൺ എസ്.ഐ ബാബു കുറുപ്പ് അസഭ്യം പറഞ്ഞ് അപമാനിച്ചതായി പരാതി. സംസ്ഥാന യുവജന ക്ഷേമ ബോർഡ് നിയമിച്ച പവിത്രേശ്വരം പഞ്ചായത്തിലെ സന്നദ്ധസേന അംഗമായ ശ്യാമിനെയാണ് എസ്.ഐ ബാബു കുറുപ്പ് റോഡിൽ വച്ച് അപമാനിച്ചത്. പുത്തൂർ പാങ്ങോട്ടെ സാമൂഹിക അടുക്കളയിൽ നിന്നും പവിത്രേശ്വരം പഞ്ചായത്തിലെ വാർഡുകളിൽ ഉച്ച ഭക്ഷണം വിതരണത്തിന് പോയതായിരുന്നു ശ്യാം. പിന്നാലെ വന്ന പൊലീസ് ജീപ് ശ്യാം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകെ വയ്ക്കുകയും എസ്.ഐ അക്രോശിച്ച് കൊണ്ട് ശ്യാമിനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.

യുവജന ക്ഷേമ ബോർഡിന്റെയും പഞ്ചായത്തിന്റെയും സന്നദ്ധ പ്രവർത്തകനുള്ള ഐഡന്റിറ്റി കാർഡുകൾ കാട്ടിയപ്പോഴും അസഭ്യം പറഞ്ഞു. ശ്യാമിന്റെ അച്ഛനമ്മമാരെയും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തകരെയും പഞ്ചായത്ത് അധികൃതരെയും അടച്ചാക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു. എസ്.ഐ യുടെ ആക്രോശം കേട്ട് സമീപവാസികൾ വീടുകളിൽ നിന്നും ഇറങ്ങി വന്നപ്പോഴാണ് പൊലീസ് പിൻവാങ്ങിയത്‌. എസ്.ഐ യുടെ അതിക്രമത്തിന് എതിരെ ശ്യാം കൊല്ലം കളക്ടർക്ക് ഉൾപെടെ പരാതി നൽകി. സാമൂഹിക സേവനം ചെയ്യുന്ന യുവജനങ്ങളുടെ ആത്മവീര്യം തകർക്കുന്ന പ്രവൃത്തിയാണ് എഴുകോൺ എസ്.ഐ യുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ കൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടർ, റൂറൽ എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.