എഴുകോൺ: സാമൂഹിക അടുക്കളയിൽ നിന്ന് ആഹാര വിതരണത്തിന് പോയ സന്നദ്ധസേനാംഗത്തിനെതിരെ എഴുകോൺ എസ്.ഐയുടെ അതിക്രമം. സംസ്ഥാന യുവജന ക്ഷേമ ബോർഡ് നിയമിച്ച പവിത്രേശ്വരം പഞ്ചായത്തിലെ സന്നദ്ധസേനാംഗമായ ശ്യാമിനെയാണ് എസ്.ഐ ബാബു കുറുപ്പ് നടുറോഡിൽ അപമാനിച്ചത്.
സാമൂഹിക അടുക്കളയിൽ നിന്ന് വിവിധ വാർഡുകളിലേക്ക് ഉച്ചയൂണുമായി പോയ ശ്യാമിന്റെ ഇരുചക്ര വാഹനത്തിന് കുറുകേ പൊലീസ് ജീപ്പ് ഇട്ടശേഷം മർദ്ദിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. വോളണ്ടിയർ പാസ് കാണിച്ചിട്ടും എസ്.ഐയുടെ കലിയടങ്ങിയില്ല. എസ്.ഐയുടെ ആക്രോശം കേട്ട് സമീപവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിവന്നപ്പോഴാണ് പൊലീസ് പിൻവാങ്ങിയത്. സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ ശ്യാം പരാതി നൽകി.
വിവാദങ്ങൾ തുടർക്കഥ
ലോക്ക് ഡൗൺകാലത്ത് എഴുകോൺ എസ്.ഐയുടെ പ്രവൃത്തികൾ നേരത്തെയും വിവാദമായിട്ടുണ്ട്. ഈ മാസം 9ന് പൊലീസിന്റെ സത്യവാങ്മൂലം വ്യാജമായി നിർമ്മിച്ചെന്ന് ആരോപിച്ച് പ്രവാസി വ്യാപാരിയെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന്റെ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മാതൃക വ്യാജമാണെന്ന് കരുതിയാണ് എസ്.ഐ കുഴിമതികാട് സ്വദേശി പീറ്റർകുട്ടിയെ പിടികൂടിയത്. പൊതുപ്രവർത്തകർ പ്രശ്നത്തിൽ ഇടപെടുകയും പൊലീസിന്റെ വെബ് സൈറ്റിൽ നിന്ന് സത്യപ്രസ്താവന ഡൗൺലോഡ് ചെയ്ത് ഹാജരാക്കിയെങ്കിലും ആദ്യനിഗമനത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു പൊലീസ്. തുടർന്ന് റൂറൽ എസ്.പി ഹരിശങ്കർ ഇടപെട്ട് രേഖകൾ പരിശോധിച്ച് നിജസ്ഥിതി ബോദ്ധ്യപ്പെട്ട ശേഷം പീറ്റർകുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുക്കുന്നതും പതിവ്
മാർച്ച് 30ന് എഴുകോണിലെ ഒരു ക്ഷേത്രത്തിൽ പ്രഭാതപൂജ കഴിഞ്ഞ് തിരിച്ചുപോയ പൂജാരിയെയും പത്രവിതരണം നടത്തി തിരികെവന്ന ഏജന്റിനെയും ലോക്ക് ഡൗൺ നിർദേശം ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്നും മേലുദ്യോഗസ്ഥർ ഇടപ്പെട്ടാണ് പ്രശ്നം തീർത്തത്. രണ്ടുദിവസം മുമ്പ് നെടുമൺകാവ് പി.എച്ച് സെന്ററിലെ ആംബുലൻസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. ആംബുലൻസെടുക്കാൻ ആശുപത്രിയിലേക്ക് പോയ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം റൂറൽ എസ്.പിയെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിച്ചാണ് ഡ്രൈവറെ പിന്നീട് മോചിപ്പിച്ചത്.
''
സാമൂഹിക സേവനം നടത്തുന്ന യുവജനങ്ങളുടെയും മറ്റ് ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നവരുടെയും ആത്മവീര്യം തകർക്കുന്ന പ്രവൃത്തിയാണ് എഴുകോൺ എസ്.ഐയുടെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുന്നത്. ഇതിനെതിരെ ജില്ലാ കളക്ടർ, റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകി.
ധന്യാ കൃഷ്ണൻ,
പഞ്ചായത്ത് പ്രസിഡന്റ്, പവിത്രേശ്വരം