asok
അശോക് കുമാർ

കൊല്ലം: കൊവിഡ് ബാധിച്ചെന്ന ആശങ്കയിൽ കൊല്ലം പ്രാക്കുളം സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. പ്രാക്കുളം വിളപ്പുറത്ത് ഗോൾഡൻ സൺ വീട്ടിൽ പുരുഷോത്തമന്റെയും ആനന്ദവല്ലിയുടെയും മകൻ അശോക് കുമാറാണ് (47) മരിച്ചത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. രോഗലക്ഷണങ്ങളെ തുടർന്ന് അശോക് കുമാർ സ്വകാര്യ ആശുപത്രിയിൽ സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു. മടങ്ങിയെത്തിയശേഷമാണ് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്ന് ഇന്നലെ രാവിലെ 11ഓടെ സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയശേഷം അശോക് കുമാർ ഏറെ വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി.

സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയുടെ ഫലം വന്നിട്ടേ പോസ്റ്റ്മോർട്ടം ചെയ്യൂ. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കൾ ആരംഭിച്ചു.

ഷാർജയിൽ ഗോൾഡൻ സൺ എന്ന നിർമ്മാണ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. കമ്പനിയുടെ പേരാണ് നാലുവർഷം മുമ്പ് നിർമ്മിച്ച വീടിന് അശോക് കുമാർ നൽകിയത്. 2019 മാർച്ചിൽ അവധിക്കെത്തിയിരുന്നു. ഭാര്യ: ഷീജ. മക്കൾ: നാലാം ക്ലാസ് വിദ്യാർത്ഥിനി സൂര്യ, രണ്ടാം ക്ലാസുകാരൻ സൂരജ്.