കൊല്ലം: മൂന്നുവയസുകാരിയുടെ ശരീരത്തിൽ തിളച്ച മീൻകറി തട്ടിവീഴ്ത്തി പൊള്ളലേൽപ്പിച്ച സംഭവത്തിൽ മുത്തച്ഛനെയും പിതൃസഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. പൊള്ളലേറ്റ കുരീപ്പള്ളി പുത്തൻചന്ത ശ്രേയസിൽ ശരത്ത് ലാലിന്റെയും ഷബാനയുടെയും മകൾ അക്ഷര പാലത്തറ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. 35 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ശരത്ത് ലാലിന്റെ അച്ഛൻ ആർ.പി.എഫ് റിട്ട. എസ്.ഐ ശിവൻകുട്ടി, സഹോദരി സിത്താര എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശരത്ത് ലാൽ സെക്കന്ദരാബാദിലെ ജോലി സ്ഥലത്താണ്. മുംബയ് സ്വദേശിയായ ഭാര്യ ഷബാനയും മകൾ അക്ഷരയും കണ്ണനല്ലൂരിലെ ശരത്തിന്റെ കുടുംബ വീട്ടിലാണ് താമസം.
പൊലീസ് പറയുന്നത്: ഷബാനയും ശരത്തിന്റെ സഹോദരി സിത്താരയും തമ്മിൽ തർക്കമുണ്ടായി. ശിവൻകുട്ടി വീട്ടിലുണ്ടായിരുന്നില്ല. സിത്താര അറിയച്ചതനുസരിച്ച് എത്തിയ ശിവൻകുട്ടി ഷബാനയെ മർദ്ദിച്ചു. ഷബാനയുടെ കൈയിലിരുന്ന തിളച്ച മീൻകറി കുഞ്ഞിന്റെ ശരീരത്തിലേക്ക് തെറിച്ചുവീണു ഗുരുതരമായി പൊള്ളലേറ്റു.
ഷബാന കുഞ്ഞിനെ ഉടൻ കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരാതി അറിഞ്ഞ് എത്തിയ പൊലീസാണ് പൊള്ളൽ ഗുരുതരമായതിനാൽ കുഞ്ഞിനെ പാലത്തറയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്.
ഷബാനയും കുഞ്ഞും വീട്ടിൽ താമസമാക്കിയതോടെ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താമസിക്കുന്ന മുറിയൊഴികെ മറ്റിടങ്ങളിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. കിടപ്പുമുറിയിലാണ് ആഹാരം പാചകം ചെയ്തിരുന്നത്. ഷബാനയുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് കുഞ്ഞിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ചാണ് അറസ്റ്റിലേക്ക് കടന്നത്. കോടതി ശിവൻകുട്ടിയെയും സിത്താരയെയും റിമാൻഡ് ചെയ്തു.