കൊല്ലം: ലോക്ക് ഡൗണിലും ജാഗ്രതയോടെ ജോലിത്തിരക്കിലാണ് വൈദ്യുതി ബോർഡിലെ ലൈൻമാൻമാർ. വൈദ്യുതി ലൈനിലെ ജോലി അത്യന്തം ദുഷ്കരവും ആപത്കരവുമാണെങ്കിലും പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും ലഭിക്കുന്ന സുരക്ഷാ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഇവർക്ക് ലഭിക്കാറില്ല.
അവശ്യ സേവനങ്ങളായ ആശുപത്രികൾ, പൊലീസ്, ഫയർ സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലടക്കം മുടക്കമില്ലാതെ വൈദ്യുതി വിതരണം നടക്കേണ്ടതുണ്ട്. ഒരു നിമിഷം വൈദ്യുതി പോയാൽ വീട്ടിലിരിപ്പിന്റെ മുഷിപ്പ് പൊതുസമൂഹം തീർക്കുന്നത് വൈദ്യുതി ബോർഡിലെ ഈ വിഭാഗം ജീവനക്കാരോടാണ്. അതൊഴിവാക്കാനുള്ള പരിശ്രമങ്ങളാണ് ലൈൻമാൻമാരടക്കം നിത്യവും നടത്തിവരുന്നത്.
വേനൽമഴയിൽ മരച്ചില്ലകൾ വൈദ്യുതി കമ്പികളിലേക്ക് ഒടിഞ്ഞുവീഴുന്നുണ്ട്. നിമിഷനേരം പാഴാക്കാതെ അവിടെയാെക്കെ ഓടിയെത്തും ലൈൻമാൻമാർ. പൊള്ളുന്ന പകൽ ചൂടിലും വൈദ്യുതി പോസ്റ്റുകളിൽ കയറി ജോലി ചെയ്യുകയാണിവർ. പൊരിവെയിലത്ത് ഉപയോഗിക്കുന്ന മാസ്കുകൾ മണിക്കൂറുകൾക്കകം വിയർപ്പിൽ നശിക്കും.
''
വൈദ്യുതി ലൈനിൽ ജോലി ചെയ്യുന്ന ലൈൻ സ്റ്റാഫിനെ ദേശീയ തലത്തിൽ ആദരിക്കുന്ന ദിനമാണിന്ന്. സ്വ ജീവൻ പണയം വച്ചാണ് ജോലി ചെയ്യുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് ലൈനിൽ ജോലി ചെയ്യുന്നവരെ ആദരിക്കാൻ അതാത് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആർ.സുകു, ചീഫ് എൻജിനീയർ,
കെ.എസ്.ഇ.ബി (ടി.എസ്)