2
കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ കാലത്ത് മൂവർസംഘം നടത്തിയ കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം തൃക്കോവിൽവട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലോചന നിർവഹിക്കുന്നു

കൊല്ലം: നാട് മുഴുവൻ ലോക്ക് ഡൗണിൽ നിശ്ചലമായപ്പോൾ സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ വീട്ടിൽ വെറുതേയിരുന്നില്ല. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന അവർ വിത്തും കൈക്കോട്ടുമായി കൃഷിയിടത്തിലേക്കിറങ്ങി. ഒരേക്കർ സ്ഥലത്ത് ചീര, പാവൽ, വെണ്ട, പയർ, ചേന, വാഴ തുടങ്ങിയവ നട്ടു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചീരയും വെണ്ടയുമൊക്കെ വിളവെടുപ്പിന് പാകമായതോടെ യുവാക്കളുടെ മനസും നിറഞ്ഞു. മുഖത്തല നിവാസികളായ സജി, ശരത്ത്, മനീഷ് എന്നിവരാണ് ലോക്ക് ഡൗൺ കാലത്തെ ഫലപ്രദമായി വിനിയോഗിച്ചത്. കഴിഞ്ഞ ദിവസം ആഘോഷങ്ങൾ ഒഴിവാക്കി കൃഷിയുടെ വിളവെടുപ്പ് നടത്തി. തൃക്കോവിൽവട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലോചന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. സുകു, കാർഷിക വികസന സമിതി അംഗം ആർ. പ്രസന്നൻ, കേരഗ്രാമം വാർഡ് കൺവീനർ ആർ. രാജേഷ്, എം. സജീവ്, അഡ്വ. മനോജ്‌ എന്നിവർ പങ്കെടുത്തു. സജി നിർമ്മാണ മേഖലയിലും ശരത് വീഡിയോ റെക്കോർഡിംഗ് രംഗത്തുമാണ് ജോലി ചെയ്യുന്നത്. മനീഷ് ക്ഷീര വികസന ഓഫീസിലെ താത്കാലിക ജീവനക്കാരനാണ്. പച്ചക്കറികൾ തൃക്കോവിൽവട്ടം പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് നൽകുമെന്ന് യുവ കർഷകർ പറഞ്ഞു.