പിന്നിട്ടത് 27 ദിവസം
കൊല്ലം:'ഇങ്ങനെയൊരു വയറ്റത്തടി പ്രതീക്ഷിച്ചില്ല. ഇത്രയും നാൾ വേല ചെയ്യാതെ വീട്ടിലിരുന്നൊരു കാലവുമില്ല. അമ്മ മരിച്ചപ്പോൾ പോലും 16 കഴിഞ്ഞ് വേലയ്ക്ക് പോയതാ. ഇതിപ്പോൾ ദിവസം എത്രായെന്നാ'. കഴിഞ്ഞ 65 വർഷമായി കൂലി വേല ചെയ്യുന്ന പാരിപ്പള്ളിക്കാരൻ ദാമോദരൻ ചേട്ടന്റെ വാക്കുകളാണിത്.
ഒരു ബീഡി വാങ്ങാൻ പോലും പല കൂലിപ്പണിക്കാരുടെ കൈയിലും പൈസയില്ല. ജീവിതകാലത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു വിലക്കെന്നാണ് ഒട്ടുമിക്ക പേരും പറയുന്നത്. ദാമോദരൻ ചേട്ടന്റെ രണ്ട് മക്കളും കൽപ്പണിക്കാരാണ്. ഒരാൾ മേശിരിയും രണ്ടാമത്തെയാൾ മൈക്കാടും. രണ്ടുപേരും ജോലിക്ക് പോകാനാകാതെ വീട്ടിലാണ്. ഭാര്യ പണ്ട് കശുഅണ്ടി ഫാക്ടറിയിൽ പോകുമായിരുന്നു. ഇപ്പോൾ അടുക്കളപ്പണി തന്നെ. കിട്ടിയ റേഷനരി തീർന്നിട്ട് ദിവസങ്ങളായി. ഉച്ചയ്ക്കും രാത്രിയും എന്തെങ്കിലും ഒന്നെടുത്ത് വയ്ക്കടീ എന്ന് പറയുന്ന ദാമോദരൻ ചേട്ടൻ ഇപ്പോൾ വല്ലതും ഉണ്ടോയെന്നാണ് ചോദിക്കുന്നത്. വീട്ടിൽ അരി വാങ്ങാൻ ദാമോദരൻ ചേട്ടൻ കാശ് കൊടുത്തിട്ട് ഇപ്പോൾ ദിവസം 27 കഴിഞ്ഞു.
ഒട്ടുമിക്ക കൂലിപ്പണിക്കാരുടെയും വീട്ടിലെ സ്ഥിതി ദാമോദരൻ ചേട്ടന്റേത് പോലെയാണ്. ചിലരുടെ സ്ഥിതി ഇതിനേക്കാൾ ദയനീയമാണ്. സർക്കാർ മറ്റ് പല മേഖലകളിലും ഇളവ് പ്രഖ്യാപിക്കുമ്പോഴും കൂലിപ്പണിക്കാരുടെ പരിഗണിച്ചിട്ടില്ല. അഥവാ സർക്കാർ അനുവദിച്ചാലും പലർക്കും അടുത്തെങ്ങും ജോലി കിട്ടാനും സാദ്ധ്യതയില്ല. കൂലിക്ക് ആളിനെ നിറുത്താൻ ആരുടെ കൈയിലും പണമില്ലാത്ത അവസ്ഥയാണ്. ലോക്ക് ഡൗൺ കഴിഞ്ഞാലും കൂലിവേലക്കാരുടെ ജീവിതം പച്ചപിടിക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും.