തിരുവനന്തപുരം : കൊവിഡ് ബാധിച്ച് വിദേശത്ത് നാല് മലയാളികൾ കൂടി മരിച്ചു. തിരൂർ സ്വദേശി അബുദാബിയിലും കടയ്ക്കൽ സ്വദേശി ദുബായിലും
കോട്ടയം സ്വദേശികളായ ഡോക്ടർ മസ്‌ക്കറ്റിലും മറ്റൊരാൾ ന്യൂയോർക്കിലുമാണ് മരിച്ചത്.
അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി പുറത്തൂർ പള്ളിക്കടവിലെ പുളിക്കൽ കുട്ടാപ്പുവിന്റെ മകൻ കുഞ്ഞുമോനാണ് (55) ഇന്നലെ മരിച്ചത്. മകൻ ലിജിത്തും മരുമകൻ ബാബു അബുദാബിയിലുണ്ട്. ഭാര്യ : വസന്ത. മകൾ: ലിംന.
കടയ്ക്കൽചിതറ വളവുപച്ച വിളയിൽ വീട്ടിൽ ദിലീപ് (55) ആണ് ദുബായിൽ മരിച്ചത്. ഇരുപത്തഞ്ച് വർഷമായി സഹോദരങ്ങൾക്കൊപ്പം ദുബായിൽ ഡ്രൈവിംഗ് സ്കൂൾ നടത്തിവരികയായിരുന്നു. മാതാവ്: അരുന്ധതി.
ചങ്ങനാശേരി പെരുന്ന കിഴക്കുംഭാഗത്ത് സരയുവിൽ ഡോ.പി.രാജേന്ദ്രൻ നായരാണ് (76) കൊവിഡ് മരിച്ചത്. 40 വർഷമായി റുവിയിൽ ഹാനി ക്ലിനിക് നടത്തിവരികയായായിരുന്നു. ഭാര്യ: വത്സലാദേവി. മക്കൾ: ഡോ. അഭിലാഷ് നായർ (ഒപ്താൽമോളജിസ്റ്റ് ഗിരിധർ ആശുപത്രി, കൊച്ചി), ഡോ. രാജേഷ് നായർ (മണിപ്പാൽ ആശുപത്രി, മാംഗ്ലൂർ), മഹേഷ് നായർ (എൻജിനീയർ, യു.എസ്. എ).
കറുകച്ചാൽ സ്വദേശിയായ കാനം ഉറുമ്പയിൽ തോമസ് ഫിലിപ്പ് ( 72) ന്യൂയോർക്ക് ക്വിൻസിലുള്ള എൽമെറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.