kudumbasree

 എല്ലാ അംഗങ്ങൾക്കും 20,000 രൂപയുടെ വായ്പ ലഭിക്കില്ല

മുഖ്യമന്ത്രിയുടെ പാക്കേജ്

₹ 2,000 കോടി

ആകെ അംഗങ്ങൾ: 43 ലക്ഷം

പുറത്താകുന്നത്: 23 ലക്ഷത്തോളം

കൊല്ലം: കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് 20,000 രൂപയുടെ പലിശ രഹിത വായ്‌പയെന്ന മുഖ്യമന്ത്രിയുടെ 2,000 കോടിയുടെ കൊവിഡ് പാക്കേജിന്റെ ആനുകൂല്യം എല്ലാവർക്കും ലഭിക്കാനിടയില്ല. രണ്ടിൽ കൂടുതൽ വായ്പയുള്ള അയൽക്കൂട്ടങ്ങൾക്കും മൂന്നിൽ കൂടുതൽ വായ്പുള്ള അയൽക്കൂട്ട അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ സഹായഹസ്‌തമെന്ന് പേരിട്ട വായ്‌പ നൽകേണ്ടെന്നാണ് കുടുംബശ്രീ എക്‌സി. ഡയറക്ടർ എസ്.ഹരികിഷോർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്.

വായ്‌പാ പദ്ധതിയുടെ മാനദണ്ഡങ്ങൾ കർശനമാക്കുമ്പോൾ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളിൽ 23 ലക്ഷത്തോളം പേർ ആനുകൂല്യത്തിന് പുറത്ത് പോകുമെന്നാണ് ഏകദേശ കണക്ക് . സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലെ സാധാരണക്കാരായ അംഗങ്ങളിൽ മിക്കവരും നിരവധി വായ്‌പകളെടുത്താണ് പലപ്പോഴും ജീവിത കാര്യങ്ങൾ നടത്തുന്നത്. ലോക്ക് ഡൗൺ കാലത്തെ ദുരിത സഹായത്തിന് പഴയ വായ്‌പകളുടെ എണ്ണം മാനദണ്ഡമാക്കുമ്പോൾ വായ്പാ തുകയുടെ തോത് വൻതോതിൽ കുറയും.

നിലവിൽ രണ്ട് ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങൾ ബാങ്കുകളിൽ നിന്ന് വിവിധ വായ്പകൾ എടുത്തിട്ടുള്ളവരാണ്. സ്ത്രീകളിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നേറ്റത്തിനായി ആരംഭിച്ച കുടുംബശ്രീയിലെ ആനുകൂല്യ വിതരണത്തിന് കുടുംബാംഗങ്ങളുടെ വരുമാനം കൂടി പരിഗണിക്കുന്ന രീതിക്കെതിരെയും വിമർശനമുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ കുടുംബശ്രീ ജില്ലാ മിഷനുകളുടെ മേൽനോട്ടത്തിൽ ആരംഭിച്ചെങ്കിലും വായ്‌പാ വിതരണം എന്നത്തോടെ ആരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

സഹായഹസ്‌തം ഇങ്ങനെ

 സർക്കാരും ബാങ്കും കുടുംബശ്രീയും ചേർന്ന അയൽക്കൂട്ട വായ്പാ പദ്ധതി

 5,000, 10,000, 15,000 എന്നിങ്ങനെ പരമാവധി 20,000 രൂപ വരെ ലഭിക്കും

 ആറുമാസത്തെ തിരിച്ചടവ് അവധി ഉൾപ്പെടെ 36 മാസ കാലാവധി

 ഒമ്പത് ശതമാനം പലിശ ഉൾപ്പെടെയുള്ള തുകയാണ് തവണകളായി തിരിച്ചടയ്ക്കേണ്ടത്

 പലിശ വിഹിതം മൂന്ന് വാർഷിക ഗഡുക്കളായി സർക്കാരിൽ നിന്ന് കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭിക്കും

 ദുരിതമനുഭവിക്കുന്ന എല്ലാവർക്കും 20,000 രൂപ വീതം ലഭിക്കില്ല

വായ്പാ മാനദണ്ഡങ്ങൾ

1. വായ്പാ തിരിച്ചടവിൽ മുടക്കം വന്നിട്ടുള്ള അയൽക്കൂട്ടങ്ങൾക്ക് വായ്‌പ നൽകില്ല

2. നിലവിൽ രണ്ടിൽ കൂടുതൽ വായ്പയുള്ള അയൽക്കൂട്ടങ്ങളെയും പരിഗണിക്കില്ല. (ബാങ്ക് ലിങ്കേജ് വായ്പ, കഴിഞ്ഞ പ്രളയകാലത്തെ വായ്പ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വായ്പ ഉൾപ്പെടെ)

3. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് 10,000 രൂപ വരുമാനം ലഭിക്കുന്ന കുടുംബാംഗം ഉണ്ടെങ്കിൽ വായ്പ ലഭിക്കില്ല

4. ലോക്ക് ഡൗൺ സമയത്തും പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ 10,000 രൂപയിൽ കൂടുതൽ മാസവരുമാനം ലഭിക്കുന്ന കുടുംബാംഗം ഉണ്ടെങ്കിലും വായ്പ ലഭിക്കില്ല

5. മുൻപ് വായ്പാ തിരിച്ചടവ് മുടക്കിയവരെ പരിഗണിക്കില്ല

6. നിലവിൽ മൂന്നിൽ കൂടുതൽ വായ്പ ഉള്ളവരെ പരിഗണിക്കില്ല ( ലിങ്കേജ് വായ്പ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വായ്പ, മുറ്റത്തെ മുല്ല, ആന്തരിക വായ്പ, ജെ.എൽ.ജി, കഴിഞ്ഞ പ്രളയകാലത്തെ വായ്പ ഉൾപ്പെടെ)

7. 2019 ഡിസംബർ 31ന് ശേഷം രൂപീകരിച്ച അയൽക്കൂട്ടത്തിനാണ് വായ്പ ലഭിക്കില്ല.

ലിങ്കേജ് വായ്‌പകൾക്ക് തടസമില്ല

സർക്കാരിന്റെ പലിശ രഹിത വായ്പയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അയൽക്കൂട്ടങ്ങൾക്ക് ബാങ്കിൽ നിന്ന് ലിങ്കേജ് വായ്പ എടുക്കുന്നതിൽ തടസമില്ല. നാലുലക്ഷം വരെ ആയിരുന്നു സംസ്ഥാനത്ത് മുമ്പ് അയൽക്കൂട്ടങ്ങൾക്ക് നൽകിയിരുന്ന വായ്പ. 20 ലക്ഷം വരെ നൽകാമെന്ന് അടുത്തിടെ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.

''

വായ്‌പയ്‌ക്ക് അർഹരായവരുടെ ജില്ല തിരിച്ചുള്ള പട്ടിക ലഭിച്ചിട്ടില്ല. അപ്പോൾ മാത്രമേ ഒഴിവാക്കപ്പെട്ടവരുടെ കണക്കെടുക്കാനാകൂ.

എസ്. ഹരികിഷോർ,

കുടുംബശ്രീ എക്സി. ഡയറക്ടർ