സാമ്പത്തിക പ്രതിസന്ധി രൂക്ഷം
കൊല്ലം: തിരിച്ചുവരാനാകാത്തവിധം സാമ്പത്തിക പ്രതിസന്ധിയിൽ അനുദിനം തകർന്നടിയുകയാണ് ജില്ലയിലെ ചെറുകിട വ്യാപാര മേഖല. ആയിരക്കണക്കിന് സംരംഭകരും അവർക്കൊപ്പം ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരും അതിജീവന വഴികളില്ലാതെ വലഞ്ഞുതുടങ്ങി. കൊവിഡ് വ്യാപന ഭീതി തുടങ്ങിയ ഘട്ടത്തിൽ തന്നെ വ്യാപാര കേന്ദ്രങ്ങളിലെ കച്ചവടം വലിയ തോതിൽ കുറഞ്ഞിരുന്നു. ചെരുപ്പ്, ബാഗ്, കുട, ഫാൻസി സാധനങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, ബീഡി, സിഗരറ്റ്, മുറുക്കാൻ, പാത്രങ്ങൾ, സമ്മാനങ്ങൾ, ബുക്കുകൾ, പേന, വസ്ത്രങ്ങൾ, സ്ത്രീകളുടെ വള, മാല, പൊട്ട് തുടങ്ങി നിത്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും വിറ്റഴിക്കുന്ന ചെറുകിട സ്ഥാപനങ്ങളെല്ലാം ലോക്ക് ഡൗൺ തുടങ്ങിയ 24 മുതൽ അടഞ്ഞ് കിടക്കുകയാണ്. ബീഡിയും സിഗരറ്റുമൊന്നും ആഴ്‌ചകളോളം കേട് കൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം പല ചെറിയ കടകളിലുമില്ല. ഒരു മാസത്തിലേറെ നീളുന്ന ലോക്ക് ഡൗണിന് ശേഷം കടകൾ തുറക്കുമ്പോൾ ചെറുകിട
വ്യാപാര കേന്ദ്രങ്ങളിലെ സാധനങ്ങളിൽ ചിലതെങ്കിലും നശിച്ചേക്കാം. ഒരു മാസത്തോളമായി വരുമാനം നിലച്ച ഇവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്.
സാമ്പത്തിക നില തകർന്നു,
തൊഴിൽ നഷ്‌ടമായേക്കാം
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ദിവസ പലിശയ്ക്ക് പണം നൽകുന്നവർ എന്നിവരിൽ നിന്ന് കടമെടുത്താണ് ചെറുകിട സ്ഥാപനങ്ങൾ മിക്കതും പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് ദിവസ പലിശയും മുതലിന്റെ ഒരു ചെറിയ ഭാഗവും തവണയായി തിരികെ നൽകും. ഇത്തരം പതിവുകളെല്ലാം തെറ്റി. ഭീമമായ ബാദ്ധ്യത എങ്ങനെ തിരിച്ചടയ്‌ക്കുമെന്ന ആശങ്കയാണ് വ്യാപാര മേഖലയിൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ നിരവധി തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെട്ടേക്കാം. കഴിഞ്ഞ പ്രളയമുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് പലരും ഇപ്പോഴും കരകയറിയിട്ടില്ല.
ഫാഷനുകൾ മാറുന്നു
അനുദിനം മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളാണ് യുവതീ യുവാക്കളുടേത്. ഓരോ കാലത്തെയും ട്രെൻഡിന് അനുസരിച്ചാണ് സാധനങ്ങൾ കടകളിൽ സംഭരിക്കുന്നത്. സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങൾക്ക് സമീപത്തെ കടകളിൽ കുട്ടികളുടെ വിട വാങ്ങൽ ചടങ്ങുകൾക്കായി വലിയ തോതിൽ സമ്മാനങ്ങൾ വിറ്റുപോയിരുന്നു. ഇത്തവണയും വ്യാപാരികൾ മുൻകൂട്ടി ഇതൊക്കെ വാങ്ങിയെങ്കിലും എല്ലാം കൊവിഡ് കവർന്നു.
സാമ്പത്തിക പാക്കേജ് അനിവാര്യം
ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സാമ്പത്തിക പാക്കേജുകൾ ഉണ്ടായില്ലെങ്കിൽ ലോക്ക് ഡൗൺ കാലത്ത് അടഞ്ഞ കടകളിൽ പലതും ഇനി തുറക്കാനായെന്ന് വരില്ല.
''
സർക്കാർ പ്രത്യേക സഹായങ്ങൾ എന്തെങ്കിലും തരുമെന്നാണ് പ്രതീക്ഷ. പലിശയ്ക്കെടുത്താണ് മിക്കവരും സാധനങ്ങൾ വാങ്ങുന്നത്. എല്ലാം തകർന്നടിഞ്ഞ നിലയിലാണ്.
കെ.ജയചന്ദ്രൻ,
ചെറുകിട വ്യാപാരി