എഴുകോൺ: ഡി.വൈ.എഫ്.ഐയുടെ കാർഷിക പദ്ധതിയായ നിറവിന്റെ ഭാഗമായി 1000 കൃഷിയിടങ്ങൾ ഒരുക്കും. ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിറവ് ആരംഭിക്കുന്നത്. യുവാക്കളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പച്ചക്കറി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമാണ് നിറവ് ലക്ഷ്യമിടുന്നത്. പ്രവർത്തകരുടെ വീടുകളിൽ അടുക്കള തോട്ടങ്ങൾ സജ്ജമാക്കിയും തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷിയിറക്കിയും ബ്ലോക്കിലെ 150 യൂണിറ്റുകളിലും പദ്ധതി നടപ്പാക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞ സാഹചര്യം കൂടി കണക്കിലെടുത്താണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ലോക്ക് ഡൗണിന് ശേഷവും പദ്ധതി തുടരും. നിറവ് പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം കൈതക്കോട് നടന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബുവിന്റെ ഉടമസ്ഥയിലുള്ള ഭൂമിയിലാണ് കൃഷി തുടങ്ങിയത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ബി. രാഘവൻ ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു, ബ്ലോക്ക് സെക്രട്ടറി എ. അഭിലാഷ്, ട്രഷറർ ആർ. പ്രശാന്ത്, ജോയിന്റ് സെക്രട്ടറി അഖിൽ കൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അമീഷ് ബാബു, യു. ആർ. രജു എന്നിവർ പങ്കെടുത്തു.