c
കനലെരിയാതെ ഇഷ്ടിക ചൂളകൾ

 നിലച്ചത് ആയിരങ്ങളുടെ ജീവിത മാർഗം

കൊല്ലം: ലോക്ക് ഡൗണിൽ ഇഷ്ടിക ചൂളകളുടെ പ്രവർത്തനം നിലച്ചതോടെ ആയിരങ്ങളുടെ ജീവിതം വഴിമുട്ടി. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയ്‌ക്ക് പിന്നാലെ നിർമ്മാണ മേഖലയിലുണ്ടായ പ്രതിസന്ധി ഇഷ്ടിക നിർമ്മാണ കേന്ദ്രങ്ങളെ വൻ തോതിൽ ബാധിച്ചിരുന്നു. ഇപ്പോൾ ലോക്ക് ഡൗൺ കൂടി എത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണ്.

ചെളിയും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച ഇഷ്ടികകൾ തീയിൽ ചുട്ടെടുക്കുന്ന ചൂളകളുടെ എണ്ണം ജില്ലയിൽ കുറവാണ്. പാടശേഖരങ്ങളിലെ ചെളികുത്തിനും മണ്ണെടുപ്പിനും വലിയ നിയന്ത്രണങ്ങൾ വന്നതാണ് ഇഷ്ടിക ചൂളകളുടെ നിലനിൽപ്പിനെ ബാധിച്ചത്. സിമന്റ് കട്ടകളുടെ നിർമ്മാണ കേന്ദ്രങ്ങളാണ് ജില്ലയിൽ കൂടുതലുള്ളത്. സ്വയം തൊഴിൽ എന്ന നിലയിൽ ചെറുപ്പക്കാർ, വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർ തുടങ്ങി നൂറ് കണക്കിനാളുകളാണ് ഈ മേഖലയിലൂടെ ജീവിത മാർഗം കണ്ടെത്തുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇഷ്ടിക നിർമ്മാണ കേന്ദ്രങ്ങളൊന്നും പ്രവർത്തിച്ചിട്ടില്ല. മിക്കയിടത്തും അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഇവർക്ക് ശമ്പളം നൽകിയില്ലെങ്കിലും ജീവിത ചെലവുകൾ നോക്കേണ്ടത് തൊഴിലുടമയുടെ ബാദ്ധ്യതയാണ്. ഇഷ്ടിക കൊണ്ടുപോകുന്ന ലോറികൾ, തൊഴിലാളികൾ, തൊഴിലുടമകൾ തുടങ്ങി ആയിരങ്ങളെ നേരിട്ടും അല്ലാതെയും ലോക്ക് ഡൗൺ ബാധിക്കുന്നുണ്ട്.

യന്ത്രങ്ങൾ ഒരു മാസത്തിലേറെ പ്രവർത്തിപ്പിക്കാതിരിക്കുമ്പോൾ തകരാറുകൾക്കും സാദ്ധ്യതയുണ്ട്. ലോക്ക് ഡൗണിന് ശേഷമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് നിർമ്മാണ മേഖല സജീവമാകാൻ ചിലപ്പോൾ നീണ്ട നാളത്തെ കാത്തിരിപ്പ് വേണ്ടി രും. അതുവരെ ഇഷ്ടിക നിർമ്മാണ മേേഖലയിലും തൊഴിൽ പ്രതിസന്ധിയും സാമ്പത്തിക ബാദ്ധ്യതയും തുടരും.

''

ലോക്ക് ഡൗണിൽ ഇത്രയും ദിവസം പ്രവർത്തിക്കാൻ കഴിയാത്തതിന്റെ നഷ്ടം കൂടുതലാണ്. പഴയത് പോലെ നിർമ്മാണ മേഖല സജീവമല്ല. ലോക്ക് ഡൗൺ എല്ലാ തരത്തിലും ബാധിക്കും.

ബി.പ്രദീപ്,

സിമന്റ് ബ്രിക്സ് ഫാക്ടറി ഉടമ