ചൂട് സഹിക്കാതെ മത്സ്യക്കൂട്ടങ്ങൾ ഉൾക്കടലിലേക്ക്
കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബോട്ടുകൾക്കും ഇടത്തരം വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം നീളുമ്പോൾ തീരത്ത് വറുതിയുടെ തീക്കാറ്റ് ശക്തമാകുന്നു. ഭൂരിഭാഗം മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.
കൊല്ലം തീരത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിലെയും ആഴീക്കൽ പരവൂർ തെക്കുംഭാഗം തുടങ്ങിയ തീരങ്ങളിലെയും പമ്പരാഗത മത്സ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിൽ കടലിൽ പോകുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി മണ്ണെണ്ണയുടെ കാശ് പോലും മുതലാകാതെയാണ് മടങ്ങിവരുന്നത്. തീരക്കടലിലെ ചൂട് സഹിക്കാനാകാതെ മത്സ്യക്കൂട്ടങ്ങൾ ഉൾക്കടലിലേക്ക് നീങ്ങുന്നതിനാൽ വലയിൽ വലുതായൊന്നും കുടുങ്ങുന്നില്ല. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ പോലും നിരാശരായി മടങ്ങിയെത്തുമ്പോൾ കരയിൽ പണിക്കിറങ്ങാനാകാതെ ഇരിക്കുന്ന നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്നവരുടെ സ്ഥിതി ഏറെ ദയനീയമാണ്.
ആശ്വാസധനവും കിട്ടിയില്ല
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 2000 രൂപയും അനുബന്ധ തൊഴിലാളികൾക്ക് ആയിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും ജില്ലയിലെ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികൾക്കും ഈ തുക ലഭിച്ചിട്ടില്ല.
ആകെ മത്സ്യത്തൊഴിലാളികൾ: 24,126
സമുദ്ര മത്സ്യത്തൊഴിലാളികൾ: 19,105
ഉൾനാടൻ മത്സ്യബന്ധനക്കാർ: 5,021
അനുബന്ധ തൊഴിലാളികൾ: 16,331
സമുദ്ര മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾ: 61,126
അനുബന്ധ തൊഴിലാളി കുടുംബാംഗങ്ങൾ: 18,048
സർക്കാരിന്റെ ഔദ്യോഗിക കണക്ക്)
സ്ത്രീ തൊഴിലാളികൾക്കും നിരാശ
വനിതകൾ: 758 പേർ
നൽകിയത്: 8 ടൺ മത്സ്യം
സാധാരണ 20 കിലോ മത്സ്യമെങ്കിലും തലയിൽ ചുമന്നാണ് ഓരോ വനിതാ മത്സ്യത്തൊഴിലാളിയും കച്ചവടത്തിനിറങ്ങുന്നത്. എന്നാൽ ഇപ്പോൾ മണിക്കൂറുകൾ ക്യൂ നിന്നൊടുവിൽ പത്ത് കിലോ മത്സ്യമാണ് പരമാവധി കിട്ടുന്നത്. മത്സ്യഫെഡ് സംഭരിക്കുന്ന മത്സ്യം തുല്യമായി വീതം വച്ചാണ് വിതരണം. കിലോ മീറ്ററുകൾ നടന്നും ചന്തയിൽ മണിക്കൂറുകളോളം ഇരുന്നും കച്ചവടം ചെയ്താലും കാര്യമായി ഒന്നും കിട്ടില്ല. കൊല്ലം തീരത്ത് മത്സ്യബന്ധനം ആരംഭിച്ച ശേഷം 758 വനിതാ തൊഴിലാളികൾക്ക് ഇതുവരെ 8 ടൺ മത്സ്യം കൊടുത്തുവെന്നാണ് മത്സ്യഫെഡിന്റെ ഔദ്യോഗിക കണക്ക്.