കോഴിക്കോട്ട് ഉടായിപ്പ് ചേട്ടന്മാരെ കളിയാക്കാനൊരു ചൊല്ലുണ്ടായിരുന്നു. 'കുട്ടപ്പനാശാരി മരം വാങ്ങുന്നതേ, കല്ലായിക്കാരെ കണ്ടിട്ടല്ല. കുട്ടപ്പനാശാരി വാങ്ങും തോന്നിയപോലെ ഉരുപ്പടിയാക്കും, വിൽക്കും. ആരുണ്ടിപ്പോ ചോദിക്കാൻ?' സർക്കാർ സഹകരണ സ്ഥാപനമായ മത്സ്യഫെഡും ഏതാണ്ട് ഇപ്പറഞ്ഞമാതിരിയെന്നാണ് നാട്ടുപക്ഷം.
നാട്ടുപക്ഷമാണ് ഇടതുപക്ഷമെന്ന പഴയ തെറ്റിദ്ധാരണ അങ്ങ് മാറ്റാം. ധീര രക്തസാക്ഷികളെയും സാധാരണക്കാരന്റെ വകുപ്പ് മന്ത്രിയെയും സാക്ഷിയാക്കി കാര്യങ്ങൾ പരിശോധിക്കണം. മൽസ്യഫെഡ് കൊല്ലത്ത് ഒരുകിലോ മത്തി വിൽക്കുന്നത് എത്ര രൂപയ്‌ക്കെന്നറിയുമോ? 280 രൂപയ്ക്ക് !.പിന്നെ വിലയൊക്കെ ഞങ്ങൾ നിശ്ചയിക്കും. ശരിക്കും കുട്ടപ്പനാശാരിയപ്പോലെയാ മൽസ്യഫെഡും. അവരിപ്പോൾ കൊല്ലത്തുനിന്ന് മൽസ്യം വാങ്ങുന്നത് നാട്ടുകാർക്ക് കൊടുക്കാനല്ലത്രെ. കൊവിഡ് കാലത്തെ ജനസേവനം എങ്ങനെയുണ്ട് ?. നാട്ടിൽ വേലയും കൂലിയുമില്ല. ശമ്പളക്കാരടക്കമുള്ള കൊല്ലംകാരിൽ 98 ശതമാനത്തിനും അൽപം മീനില്ലാതെ ചോറ് ഇറങ്ങില്ല. ഇക്കാലം മുതലാക്കി വിഷമീൻ വിറ്റ് കാശുണ്ടാക്കുന്നവർ ഒരു വശത്ത് ജനത്തെ കൊല്ലാക്കൊല ചെയ്യുമ്പോഴാണ് മത്സ്യഫെഡിന്റെ പുര കത്തുമ്പോഴത്തെ വാഴവെട്ട്.
വിഷമീൻ മടുത്ത ജനത്തിന് ഏക ആശ്രയമാണ് മൽസ്യഫെഡ് സ്റ്റാളുകളും 'അന്തിപ്പച്ച' വിൽപന കേന്ദ്രങ്ങളും. അൽപം പച്ചമീൻ വാങ്ങാൻ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് പോട്ടെ. വില കേട്ട് പലപ്പോഴും ജനത്തിന്റെ ബോധം പോയപ്പോൾ ജനം സഹികെട്ട് പരാതിപ്പെട്ടത് പത്രം ഓഫീസുകളിലേക്കാണ്. അന്വേഷണത്തിൽ സംഗതി ശരിയാണെന്ന് ബോദ്ധ്യമായി. ലോക്ക് ഡൗൺ കാരണം ഫിഷിംഗ് ബോട്ടുകൾ കടലിൽ പോകുന്നില്ല. ലേലമില്ല. വള്ളങ്ങൾ കൊണ്ടുവരുന്ന മീനിന് വില നിശ്ചയിക്കുന്നത് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയാണ്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും ഇതിലുണ്ട്. ഇവർ വില തീരുമാനിക്കും. കഴിഞ്ഞയാഴ്ച ഇവർ തീരുമാനിച്ച വില മത്തി കിലോയ്ക്ക് 175 രൂപയായിരുന്നു. പക്ഷേ മൽസ്യഫെഡ് പുറത്ത് കൊടുത്തതോ 250 രൂപയ്ക്ക്. വിലകൾ പിന്നെയും കൂടി ഇന്നലെ 280 വരെയെത്തി. വാടിയിലും പള്ളിത്തോട്ടത്തും തങ്കശേരിയിലും പിടിക്കുന്ന മീൻ മത്സ്യത്തൊഴിലാളികൾക്ക് വിൽക്കാനായി അവിടെ കൊടുക്കുന്നില്ല. വലിയ മത്സ്യ മുതലാളിമാർക്ക് ആരൊക്കെയോ പാസ് കൊടുത്തിട്ടുണ്ട്. അവർ കാത്തുകിടന്ന് കൊണ്ടുപോകും. ഇവിടെ നിന്ന് മൽസ്യഫെഡ് മീൻ വാങ്ങി സ്ത്രീ കച്ചവടക്കാർക്ക് ചെറിയൊരു ലാഭത്തിൽ കൊടുക്കും. കിലോയുടെ പുറത്ത് 10 -15 രൂപയേ എടുക്കൂ. ബാക്കിയാണ് അന്തിപ്പച്ചയിലൂടെ പുറത്ത് കൊടുക്കുന്നത്.
മത്സ്യഫെഡുകാർക്കും ന്യായീകരണമുണ്ടാവുമല്ലോ?. കൊല്ലത്ത് കിട്ടുന്ന മത്സ്യം അഞ്ചോ പത്തോ കിലോ വച്ച് തൊഴിലാളി സ്ത്രീകൾക്ക് കൊടുക്കാൻ തന്നെ തികയുന്നില്ല. കൊല്ലത്ത് വിൽക്കാൻ ഞങ്ങൾ മത്സ്യം വാങ്ങുന്നത് ആലപ്പുഴ കടപ്പുറത്തു നിന്നാണ്. അവിടെ മത്തി വില 220 മുതൽ 240 വരെയൊക്കെയാ. വലിയ നേതാക്കളൊക്കെ ഇടപെട്ടിട്ടാ മത്സ്യം കിട്ടുന്നത് തന്നെ. ഇത് കൊണ്ടുവരാനും ഇറക്കാനും കയറ്റാനും (നോക്കുകൂലിയല്ല) കൈകാര്യം ചെയ്യാനും വിൽക്കാനുമൊക്കെയായിട്ടാണ് കിലോയുടെ പുറത്ത് നാൽപതോ അൻപതോ ഒക്കെയെടുക്കുന്നത്. അതൊരു തെറ്റാണോ, ഇത് വലിയ വിലയാണോ?
ഇവിടെ തീരാത്ത സംശയമാണ് കൊല്ലംകാരനുള്ളത്. തൊഴിലാളിവർഗ പാർട്ടി ഭരിക്കുമ്പോൾ കൊല്ലം കടപ്പുറത്ത് പിടിക്കുന്ന മീൻ എന്തിനാ മുതലാളിമാർക്ക് കൊടുക്കുന്നത്. മുതലാളിമാരും വലിയ കച്ചവടക്കാരും എവിടെനിന്നെങ്കിലുമൊക്കെ മീൻ വാങ്ങി വിൽക്കില്ലേ. കൊല്ലത്ത് പിടിക്കുന്ന മീൻ ആർക്കൊക്കെയോ കൊടുത്തിട്ട് എന്തിനാ ആലപ്പുഴയിൽ പോയി കൊല്ലത്തുകാർക്ക് കൊടുക്കാൻ മീൻ വാങ്ങുന്നത്. ഇതിലെന്തോ പന്തികേടില്ലേ. കൊല്ലത്ത് കിട്ടുന്ന മീൻ കൊല്ലത്തുകാർക്ക് തന്നെ കൊടുത്താൽ സാധാരണക്കാർക്ക് വിലകുറച്ച് മീൻ കിട്ടില്ലേ. 200 രൂപയ്ക്ക് ഒരു കിലോ വിറ്റാൽ പോലും 100 രൂപയ്ക്ക് അരക്കിലോ മത്തി വാങ്ങിക്കഴിയാമല്ലോ. പച്ചക്കറിക്കുംകും കോഴിക്കും തീവില വാങ്ങുമ്പോൾ മൽസ്യഫെഡ് കുട്ടപ്പനാശാരി ആകുന്നത് ശരിയാണോ. ഈ മന്ത്രിക്കും മത്സ്യഫെഡ് നേതാക്കൾക്കുമൊക്കെ ഒന്നു മാറിചിന്തിച്ചു കൂടെ ? ഒന്നുമില്ലെങ്കിലും വൈകാതെ വോട്ടുപിടിക്കാനിറങ്ങേണ്ടതല്ലേ ?.