തഴവ: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ പരിധിയിലുള്ള ശാഖകളിൽ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചു.
വനിതാ സംഘം ഭാരവാഹികൾ, നിർദ്ധന കുടുംബാംഗങ്ങൾ എന്നിവർക്കാണ് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്നത്.
ഗുണനിലവാരമുള്ള നൂറ് കിലോ അരിയാണ് ഒരു ശാഖയ്ക്ക് യൂണിയൻ നൽകുന്നത്. ഇതിന് പുറമേ ഒാരോ ശാഖയും സമാഹരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്. എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖ, ഗുരുശക്തി ഗ്രൂപ്പ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർക്ക് ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്തു. നീലികുളം 476 -ാം നമ്പർ ശാഖയിൽ പ്രസിഡന്റ് സത്യശീലൻ, സെക്രട്ടറി സനൽകുമാർ എന്നിവർ ഭക്ഷ്യധാന്യ വിതരണത്തിന് നേതൃത്വം നൽകി. പാവുമ്പ വടക്ക് 3280-ാം നമ്പർ ശാഖ, ആദിനാട് തെക്ക് 402 -ാം ശാഖ എന്നിവിടങ്ങളിലും ഭക്ഷ്യധാന്യ വിതരണം നടന്നു. വരും ദിവസങ്ങളിൽ യൂണിയന്റെ പരിധിയിലുള്ള എല്ലാ ശാഖകളിലും ഭക്ഷ്യധാന്യ വിതരണം പൂർത്തിയാകുമെന്ന് യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ അറിയിച്ചു.