police-station
പരിധിവിട്ട് പൊലീസ് ഇടപെടൽ: ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു

 നഗരത്തിൽ രണ്ടിടത്ത് തടഞ്ഞ് അപമാനിച്ചെന്ന്

കൊല്ലം: ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വാഹനം തടഞ്ഞുനിറുത്തി കൊല്ലം നഗരത്തിൽ പൊലീസിന്റെ പരിധിവിട്ട ഇടപെടൽ. ഇന്നലെ രാവിലെ പത്തോടെ ചിന്നക്കടയിലാണ് പൊലീസ് സംഘം ആദ്യം വാഹനം തടഞ്ഞത്. കളക്ടറേറ്റിലെ ഡിസ്ട്രിക് എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് വരികയായിരുന്ന ദുരന്തനിവാരണ അതോറിറ്റി ജില്ലാ സൂപ്രണ്ട് അസീം സേട്ട്, ഹസാർഡ് അനലിസ്റ്റ് ഡോ.ശ്രീജ, ഡ്യൂട്ടി ഓഫീസർ മണിരാജ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

ഇവർ ബിസ്കറ്റ് പങ്കിട്ട് കഴിക്കുന്നതിനിടെയാണ് മുന്നിൽ പേരെഴുതിയ ഔദ്യോഗിക വാഹനം തടഞ്ഞുനിറുത്തിയത്. മാസ്ക് ധരിക്കാതെ സഞ്ചരിക്കുന്നു എന്നതായിരുന്നു പൊലീസ് കണ്ടെത്തിയ കുറ്റം. നിങ്ങളാണ് കൊവിഡ് പരത്തുന്നതെന്ന് പറഞ്ഞ് ഓടിയടുത്ത എ.എസ്.ഐ വാഹനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും മാറ്റിയിടാൻ നിർദേശിക്കുകയും ചെയ്‌തു. വാഹനം നിറുത്തേണ്ടതില്ലെന്നും കളക്ടറേറ്റിലേക്ക് പോകാനും സൂപ്രണ്ട് ഡ്രൈവർക്ക് നിർദേശം നൽകി. കളക്ടറേറ്റിലേക്ക് പോയ വാഹനം താലൂക്ക് കച്ചേരി ജംഗ്ഷനിൽ പൊലീസ് വീണ്ടും തടഞ്ഞു. ചിന്നക്കടയിൽ നിന്ന് ലഭിച്ച വയർലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നും വാഹനം ഒതുക്കിയിടണമെന്നുമായി പൊലീസ്.

ഇതോടെ ഉദ്യോഗസ്ഥർ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിനെ ബന്ധപ്പെട്ടു. പൊലീസ് പറയുന്നത് കേൾക്കാൻ നിൽക്കാതെ അതിവേഗം കളക്ടറേറ്റിലെത്താനായിരുന്നു കളക്ടറുടെ നിർദേശം. കളക്ടറോടാണ് ജില്ലാ സൂപ്രണ്ട് ഫോണിൽ സംസാരിക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതോടെ പൊലീസ് പിന്മാറി. തുടർന്ന് ഉദ്യോഗസ്ഥർ ഓഫീസിലെത്തി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി. കഴിഞ്ഞ ഒരു മാസത്തിലേറെയായി വീട്ടിൽ പോകാതെ അവധിയും വിശ്രമവും ഇല്ലാതെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നവരാണ് ദുരന്ത നിവാരണ അതോറിറ്റിയിലെ ജീവനക്കാർ. ഡോക്ടർമാരെ തടഞ്ഞുനിറുത്തുന്നുവെന്ന പരാതി മുമ്പും പൊലീസിനെതിരെ ഉയർന്നിട്ടിരുന്നു.

കളക്ടർക്ക് റിപ്പോർട്ട് നൽകി, നടപടിക്ക് സാദ്ധ്യത

ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഔദ്യോഗിക വാഹനത്തിൽ തടഞ്ഞുവച്ച സംഭവത്തിൽ കളക്ടർക്ക് അതോറിറ്റി ജില്ലാ സൂപ്രണ്ട് അസീം സേട്ട് റിപ്പോർട്ട് നൽകി. ഇവരെ തടഞ്ഞുനിറുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടിക്ക് സാദ്ധ്യതയുണ്ട്. സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.

ഒരുവർഷം വരെ തടവും പിഴയും

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർ‌പ്പെടുന്ന ഉദ്യോഗസ്ഥരെ തടയുന്നതും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുന്നതും ഗുരുതര കുറ്റമാണ്. അത്തരക്കാർക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് സെക്ഷൻ 51 അനുസരിച്ച് ഒരു വർഷം വരെ തടവും പിഴയും ലഭിച്ചേക്കാം.