drugs

കൊല്ലം: 'മോട്ടോർ ന്യൂറോൺ ഡിസീസ്' എന്ന മാരകരോഗം ബാധിച്ച് കൂനമ്പായിക്കുളത്തെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് മരുന്നെത്തിക്കാൻ മുൻകൈയെടുത്ത് എം. നൗഷാദ് എം.എൽ.എ. മരുന്ന് ലഭിക്കാതായതോടെ പ്രതിസന്ധിയിലായ യുവാവ് എം.എൽ.എയുടെ സഹായം തേടുകയായിരുന്നു.

അപൂർവ രോഗത്തിനുള്ള മരുന്നായതിനാൽ ഇതിന് വ്യാപകമായി ആവശ്യക്കാരില്ല. അതിനാൽ മെഡിക്കൽ സ്റ്റോറുകാരും ഈ മരുന്ന് കരുതി വയ്ക്കാറില്ല. സാധാരണഗതിയിൽ യുവാവ് കൊറിയർ മുഖേനയാണ് മരുന്ന് വരുത്തിയിരുന്നത്. മരുന്ന് സ്റ്റോക്കില്ലെന്ന് സ്റ്റോക്കിസ്റ്റ് അറിയിച്ചതിനെ തുടർന്ന് ധർമ്മസങ്കടത്തിലായ യുവാവ് എം.എൽ.എയുടെ സഹായം തേടി. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട തനിക്ക് ഒരു നേരം പോലും മരുന്ന് മുടക്കാൻ കഴിയില്ലെന്നും യുവാവ് എം.എൽ.എയെ അറിയിച്ചു.

പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട എം.എൽ.എ ഈ മരുന്ന് നിർമ്മിക്കുന്ന കമ്പനിയുടെ റീജിയണൽ മാനേജരെ ബന്ധപ്പെടുകയും ഏതെങ്കിലും ജില്ലയിൽ മരുന്ന് ലഭ്യമാണെങ്കിൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാനും അഭ്യർത്ഥിച്ചു.

ആലപ്പുഴ ജില്ലയിൽ നിന്ന് ഗുളിക ലഭ്യമാക്കിയ കമ്പനി അധികൃതർ കഴിഞ്ഞ ദിവസം അത് പുന്നപ്ര സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം പൊലീസിന്റെ പ്രത്യേക സംവിധാനം വഴി ഇന്നലെ രാവിലെയോടെ മരുന്ന് എം.എൽ.എയുടെ വീട്ടിലെത്തി. ഉടൻ തന്നെ എം.എൽ.എ യുവാവിന്റെ വീട്ടിൽ നേരിട്ടെത്തി മരുന്ന് കൈമാറുകയായിരുന്നു.