fish
മത്സ്യം വാങ്ങാനായി പത്തനാപുരം കല്ലുംകടവിൽ പ്രവർത്തിക്കുന്ന മത്സ്യ ഫെഡിൽ എത്തിയവരുടെ നീണ്ട നിര

പത്തനാപുരം: ലോക്ക് ഡൗണിൽ മത്സ്യക്ഷാമം രൂക്ഷമായതോടെ മത്സ്യഫെഡ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു. മായം കലർന്നതും ദിവസങ്ങൾ പഴക്കമുള്ളതുമായ മത്സ്യങ്ങൾ വിവിധയിടങ്ങളിൽ വ്യാപകമായി പിടികൂടുകയാണ്. മത്സ്യമാർക്കറ്റുകളിലേക്ക് പതിവ് പോലെ മീൻ എത്തുന്നുമില്ല. ഗ്രാമീണ മേഖലകളിൽ വീടുകൾക്ക് മുന്നിൽ മീനുമായെത്തിയിരുന്ന വിപണനക്കാരും ലോക്ക് ഡൗണായതോടെ അപ്രത്യക്ഷമായി. ഇതോടെയാണ് മത്സ്യഫെഡ് പ്രധാന നഗരങ്ങളിൽ ആരംഭിച്ചിട്ടുള്ള വിപണന കേന്ദ്രങ്ങളിൽ തിരക്കേറിയത്. മണിക്കൂറുകൾ വെയിലത്ത് ക്യൂ നിന്നാണ് പലരും മത്സ്യഫെഡിൽ നിന്ന് മീൻ വാങ്ങുന്നത്. അഞ്ചുമണിവരെയാണ് മത്സ്യഫെഡിന്റെ വിപണനകേന്ദ്രങ്ങളുടെ പ്രവർത്തന സമയമെങ്കിലും ഉച്ചയോടെ തന്നെ മീൻ തീരുന്ന അവസ്ഥയാണ്. കല്ലുംകടവിലെ മത്സ്യഫെഡിന്റെ വിപണനകേന്ദ്രത്തിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ലോക്ക് ഡൗണിന് മുമ്പ് ഗ്രാമ പ്രദേശങ്ങളിൽ ഒരേ റൂട്ടിൽ തന്നെ ഒന്നിലധികം വാഹനങ്ങൾ മത്സ്യവുമായി എത്തിയിരുന്നു.

ഒരാൾക്ക് ഒരു കിലോ മത്സ്യം

നേരത്തേ എത്തുന്നവർ മത്സ്യഫെഡിൽ നിന്ന് കൂടുതൽ മത്സ്യം വാങ്ങുന്നതിനാൽ പിന്നാലെയെത്തുന്നവർക്ക് മത്സ്യം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം മുതൽ ഒരാൾക്ക് പരമാവധി ഒരു കിലോ മത്സ്യമേ നൽകൂ എന്ന നിബന്ധനയുണ്ടാക്കുകയും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തു. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

മത്സ്യക്ഷാമം രൂക്ഷം

മത്സ്യമാർക്കറ്റിലെത്തുന്നതിലധികവും ദിവസങ്ങൾ പഴക്കമുള്ളതും മായം ചേർത്തതുമായ മത്സ്യമാണെന്ന പ്രചാരണം മത്സ്യമാർക്കറ്റിൽ നിന്ന് ആളുകളെ അകറ്റി നിറുത്തുന്നുണ്ട്. വൈകുന്നേരങ്ങളിൽ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന മത്സ്യവിപണനവും നിലച്ചു. മത്സ്യക്ഷാമം രൂക്ഷമായതോടെ വളർത്തുമത്സ്യങ്ങൾക്കും ആവശ്യക്കാരേറി. ദിവസങ്ങൾക്കകം അവയും വിറ്റുതീർന്നു. കൊല്ലത്തെ വിവിധ ഹാർബറുകളിൽ മത്സ്യമെടുക്കാനായി ചെറുകിട കച്ചവടക്കാർ പോകാറുണ്ടെങ്കിലും അധികമാളുകൾക്കും മത്സ്യം കിട്ടാതെ മടങ്ങേണ്ട അവസ്ഥയാണ്.