പുനലൂർ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമായതോടെ അതിർത്തിയിലെ വനമേഖലകളിലും റെയിൽവേ ട്രാക്കിലും വനം വകുപ്പ് പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽ നിന്ന് കോട്ടവാസൽ വനമേഖലകളിലെ സമാന്തര പാതകൾ വഴിയും തിരിച്ചും ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ എത്താതെ കാൽനടയായി എത്തുന്നവരെ കണ്ടെത്താനാണ് പരിശോധന.
ആറ് ദിവസം മുമ്പ് തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ അനധികൃതമായി ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ എത്തിയ യുവാവിനെയും, യുവതിയെയും പരിശോധക സംഘം മടക്കി അയച്ചിരുന്നു. പിന്നീട് ഇവർ വനപാതയിലൂടെയോ റെയിൽവേ ട്രാക്കിലൂടെയോ ആര്യങ്കാവ് ഇടപ്പാളയത്തെ ആറുമുറിക്കടയിൽ എത്തി റിസോർട്ടിൽ വാടകയ്ക്ക് താമസിച്ചു. ഇവരെ കണ്ട സമീപവാസികൾ തെന്മല പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി റിസോർട്ട് അടച്ചുപൂട്ടിയ ശേഷം ഇവരെ വിളക്കുടിയിൽ ഐസൊലേഷനിലാക്കുകയായിരുന്നു.
ഇത് കണക്കിലെടുത്ത് മൂന്ന് ദിവസം മുമ്പ് അതിർത്തിയിലെ കോട്ടവാസലിൽ നിന്നാരംഭിച്ച് കരിമ്പിൻതോട്ടം വഴി ആര്യങ്കാവിൽ എത്താവുന്ന വനപാതയിൽ വനം വകുപ്പ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇതിനൊടൊപ്പമാണ് വനമേഖലയിലും റെയിൽവേ ട്രാക്കിലും കർശന പരിശോധനയും ആരംഭിച്ചത്. തെന്മല ഡി.എഫ്.ഒക്ക് പുറമെ ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.ഒ. അബ്ജു, ഡെപ്യൂട്ടി റേഞ്ചോഫീസർ വിനോദ്, വനപാലകരായ ചന്ദ്രബോസ്, സജു, രാജേഷ്, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.
അതിർത്തി കടക്കുന്നത് ഇങ്ങനെ....
ചെങ്കോട്ട, പുളിയറ, എസ് വളവ്, കണ്ണംപള്ളിമേട് തുടങ്ങിയ വനമേഖലകളിലൂടെ സഞ്ചരിച്ച് ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ കരിമ്പിൻതോട്ടം, കരിനാൽപ്പത്തേഴ്, രാജകൂപ്പ് വഴി അതിർത്തിയിലെ കോട്ടവാസലിലും, ആര്യങ്കാവിലെ പൊലീസ് ചെക്ക്പോസ്റ്റുകളിലും എത്താതെ ജനങ്ങൾക്ക് കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കടക്കാനും തിരിച്ച് പോകാനും കഴിയും. കൂടാതെ കോട്ടവാസൽ മുതൽ ഉറുകുന്ന് വരെയുള്ള വനമേഖലയിലൂടെയാണ് കൊല്ലം- തിരുനെൽവേലി റെയിൽവേ ട്രാക്ക് കടന്നും ആളുകൾ എത്തുന്നത്.
.............................................
വനമേഖലകളിലൂടെയും റെയിൽവേ ട്രാക്കിലൂടെയും തമിഴ്നാട്ടിൽ നിന്ന് രഹസ്യമായി ആളുകൾ കേരത്തിലേക്ക് എത്താൻ സാദ്ധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക സംഘത്തെ പരിശോധനകൾക്ക് നിയോഗിച്ചത്
എ.പി.സുനിൽ ബാബു, തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ