കൊല്ലം: അഞ്ചൽ കുരുവിക്കോണം സർക്കാർ ആയുർവേദ ആശുപത്രിയിലെ വനിതാ ഡോക്ടറെ പരിശോധനാ മുറിയിൽ കയറി കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്ത പഞ്ചായത്ത് അംഗത്തിനെതിരെ ജാമ്യമില്ലാ കേസ്. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുരുവിക്കോണം വാർഡ് മെമ്പർ അഞ്ചൽ കുരുവിക്കോണം ഷീജ വിലാസം വീട്ടിൽ അജിത്ത് കുമാറിനെതിരെയാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ ആയുർ രക്ഷാ ക്ലിനിക് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും രണ്ടുദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടു. എന്നാൽ അടിയന്തര പ്രാധാന്യമുള്ളതായതിനാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. ഇതിൽ ക്ഷുഭിതനായാണ് അജിത്ത് കുമാർ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. അസഭ്യം പറഞ്ഞ് പരിശോധനാ മുറിയിൽ കയറി ജോലി തടസപ്പെടുത്തി. തുടർന്ന് കൈയിൽ കടന്ന് പിടിച്ച ശേഷം മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് തകർത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പഞ്ചായത്തംഗം ആശുപത്രിയിൽ നിന്ന് പോയതെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷെറീസി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു..
ആയുർവേദ മെഡിക്കൽ അസോ. പ്രതിഷേധിച്ചു
അഞ്ചലിൽ വനിതാ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറീസിക്കെതിരെയുണ്ടായ കൈയേറ്റത്തിലും അധിക്ഷേപത്തിലും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ നടപടിയിലും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ പ്രതിഷേധിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മെഡിക്കൽ ഓഫീസർ ഡോ. ഷെറീസിയെ കൈയേറ്റം ചെയ്യുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാറിനെതിരെ യുക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജു തോമസ്, ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ എന്നിവർ ആവശ്യപ്പെട്ടു.