photo
കൊട്ടാരക്കര പുലമൺ തോട്

നഗരത്തിലെ വ്യാപാരശാലകളുടെ മാലിന്യം തോട്ടിലേക്ക്

പുനരുദ്ധാരണ പദ്ധികളും എങ്ങുമെത്താതെ ഇഴയുന്നു

കൊട്ടാരക്കര: നീരൊഴുക്ക് കുറഞ്ഞതോടെ പുലമൺ തോട്ടിൽ മാലിന്യം കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്നു, ഫയർ സ്റ്റേഷന് പിന്നിലുള്ള ഭാഗത്താണ് വൻതോതിൽ മാലിന്യം അടിഞ്ഞത്. തുടക്കം മുതൽ ഒടുക്കംവരെയും മാലിന്യവും പായലും കുറ്റിക്കാടുകളും നിറഞ്ഞ തോട് അതിജീവനത്തിനായി കേഴുകയാണ്. വേനലിന്റെ കാഠിന്യത്താൽ തോട്ടിലെ നീരൊഴുക്ക് തീർത്തും കുറഞ്ഞതോടെയാണ് മാലിന്യം ചീഞ്ഞഴുകി ദുർഗന്ധം വമിച്ചു തുടങ്ങിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വ്യാപാര ശാലകളിൽ നിന്നുള്ള മാലിന്യം തോട്ടിൽ നിക്ഷേപിക്കുന്നതിന് കുറവുണ്ടായിട്ടുണ്ട്. എന്നാൽ മുമ്പ് ഉണ്ടായിരുന്നത് കെട്ടിനിൽക്കുകയാണ്. തോട് വൃത്തിയാക്കി സ്വാഭാവിക നീരാെഴുക്കിന് സംവിധാനമുണ്ടാക്കാൻ അധികൃതർ താത്പര്യമെടുത്തിട്ടുമില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും തോട് വൃത്തിയാക്കണമെന്നാണ് പൊതുആവശ്യം.

13 കോടിയുടെ പദ്ധതിയെവിടെ?

സംസ്ഥാന സർക്കാർ ഹരിത കേരളത്തിൽ ഉൾപ്പെടുത്തി പുലമൺ തോട് നവീകരിക്കാൻ 13.92 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതാണ്. മീൻപിടിപ്പാറ മുതൽ കല്ലടയാറ്റിലെ അന്തമൺവരെ നീളുന്ന പുലമൺ തോട് സമൂലമായി നവീകരിക്കാനായിരുന്നു പദ്ധതി. മാലിന്യമുക്തമാക്കുകയും സ്വാഭാവിക നീരൊഴുക്കിന് സംവിധാനമൊരുക്കുകയുമാണ് ലക്ഷ്യമിട്ടത്. നീരൊഴുക്ക് ഉണ്ടാകുന്നതോടെ ചെറിയ ബോട്ടുകളും വള്ളങ്ങളും ഇതിലിറക്കി സഞ്ചാരികളെ ആകർഷിക്കാമെന്നും കണക്കുകൂട്ടി.

തോടിന്റെ ഇരുവശങ്ങളിലെയും കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കാനും സഞ്ചാരികൾക്ക് നടപ്പാതയും വിശ്രമ കേന്ദ്രങ്ങളും ചെറിയ തൂക്കുപാലങ്ങളും നിർമ്മിക്കുവാനുമൊക്കെ നിർദ്ദേശങ്ങളുണ്ടായിരുന്നു. തോടിന്റെ ഭാഗമായ മീൻപിടിപ്പാറയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുംവിധമുള്ള സാഹചര്യങ്ങളും വിശ്രമ സങ്കേതങ്ങളും ഒരുക്കാനും ലക്ഷ്യമിട്ടു. എന്നാൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയാതെ പദ്ധതി ഫയലിൽ ഉറങ്ങുകയുമാണ്.

പാലം നവീകരിക്കും

പുലമൺ തോടിന് മുകളിൽക്കൂടിയാണ് കൊല്ലം-തിരുമംഗലം പാത കടന്നുപോകുന്നത്. ജീർണാവസ്ഥയിലായ ഇവിടുത്തെ പാലം നവീകരിക്കാനായി കേന്ദ്ര ഉപരിതല ജലഗതാഗത മന്ത്രാലയം ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തോടിന്റെ നവീകരണത്തിന് കോടികൾ അനുവദിച്ചപ്പോഴും പാലത്തിന്റെ കാര്യം മറന്നിരുന്നതാണ്. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ തന്നെ പാലം നവീകരണത്തിന്റെ തുടർ നടപടികളിലേക്ക് നീങ്ങും. ബലക്ഷയം മാറ്റുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. തൂണുകൾ പുതുതായി നിർമ്മിക്കുന്നില്ല. എന്നാൽ നിലവിലുള്ളതിനെ ബലപ്പെടുത്തും. ഇളകിയ കോൺക്രീറ്റ് പാളികൾ മാറ്റി ഹൈടെക് സംവിധാനത്തിൽ കോൺക്രീറ്റ് നടത്തും. കൈവരികൾ നിലവിലുള്ളത് പൂർണമായും പൊളിച്ച് നീക്കിയ ശേഷം പുതിയത് നിർമ്മിക്കും.