കൊല്ലം: ജില്ലയിൽ കഴിഞ്ഞ ഒൻപത് ദിവസമായി പുതിയ കൊവിഡ് പോസിറ്റീവ് കേസുകളില്ല. ഇന്നലെ ഒരാൾ മാത്രമാണ് പുതുതായി ആശുപത്രി നിരീക്ഷണത്തിൽ എത്തിയത്. ഇന്നലെ 413 പേർകൂടി ഗൃഹനിരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇനി ഗൃഹനിരീക്ഷണത്തിൽ കേവലം 3,257പേർ മാത്രം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് പോസിറ്റീവായ അഞ്ചുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. തുടർന്നുള്ള ആവർത്തന സാമ്പിൾ പരിശോധനകളിൽ ഫലം നെഗറ്റീവാകുന്നതോടെ എല്ലാവർക്കും ഉടൻ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അറിയിച്ചു.