c
അൻസർ അസീസ് ഭാര്യ ഷമീന അൻസർ, മക്കളായ ആസിഫ് അൻസർ, സുഹൈയ്യ അൻസർ

 ലോക്ക് ഡൗണാകാത്ത ആദർശ രാഷ്ട്രീയക്കാരൻ

കൊല്ലം: നാടാകെ അടച്ചുപൂട്ടിയപ്പോൾ ഉയരുന്ന ഇല്ലായ്മയുടെ വിളിപ്പുറങ്ങളിലേക്ക് എല്ലാദിവസവും സഹപ്രവർത്തകരെയും കൂട്ടി ഓടിയെത്തുന്ന സഹകാരി. സഹായം ചോദിച്ചെത്തുന്നവർക്ക് ആശ്വാസം പകരാൻ കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ കസേരയിൽ ദൈവദൂതനെപ്പോലെയുണ്ടാകും മണിക്കൂറുകളോളം. കൊവിഡ് ലോക്ക് ഡൗണിലും സഹജീവികളോടുള്ള കരുതലിന്റെ കൈത്താങ്ങാകുകയാണ് അൻസർ അസീസ് എന്ന ആദർശ രാഷ്ട്രീയക്കാരൻ.
ധരിച്ചിരിക്കുന്ന ഖദറിന്റെ വിശുദ്ധിയെ പ്രാണനെപ്പോലെ പ്രണയിക്കുകയാണ് അൻസർ അസീസ്. മുൻ ഡി.സി.സി പ്രസിഡന്റ്, എ.ഐ.സി.സി അംഗം, രഥവേഗമുള്ള ബാഡ്മിന്റൺ താരം, അർഹതപ്പെട്ട സ്ഥാനമാനങ്ങൾ നഷ്ടമായിട്ടും ആരോടും സന്ധിചെയ്യാത്ത തൊഴിലാളി നേതാവ്. ഇതൊക്കെയായിരുന്നു അൻസർ അസീസിന്റെ പിതാവ് പി.എ അസീസ്. 'ആ പിതാവിന്റെ മകൻ ഖദറിൽ കറ വീഴ്ത്തിയാൽ ഈശ്വരൻ പൊറുക്കുമോ?'. അൻസർ അസീസ് ഇങ്ങനെ പറഞ്ഞുനിർത്തുമ്പോൾ കണ്ണിൽ നേരിയൊരു നനവിന്റെ ലാഞ്ചന. 'പണ്ട് പി.എ. അസീസ് ഇരുന്ന കസേരയിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്. അദ്ദേഹം മരിച്ച ശേഷം 21 കൊല്ലം മാതാവ് ആരിഫ അസീസായിരുന്നു ബാങ്കിന്റെ ഡയറക്ടർ. അതിന് ശേഷം 2000 മുതൽ 20 വർഷമായി ഞാൻ കൊല്ലൂർവിള ബാങ്കിന്റെ പ്രസിഡന്റാണ്.' സംസാരിച്ചിരിക്കുമ്പോൾ അതുവഴി പോയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെ വിളിച്ചു. 'ചേച്ചീ, ദേ ഇവർക്ക് രണ്ട് ചായ.' അൻസർ അസീസ് ഇങ്ങനെയാണ്. അധികാരത്തിന്റെ ഗർവില്ല. സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന തലക്കനമില്ല.

സെന്റ് അലോഷ്യസ് സ്കൂളിൽ പഠിക്കുമ്പോഴേ രാഷ്ട്രീയം അസ്ഥിയിൽ പിടിച്ചിരുന്നു. പിന്നെ ടി.കെ.എം ആർട്സ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയും തുടർന്ന് താലൂക്ക് കമ്മിറ്റി അംഗവുമായി. കോളേജ് യൂണിയൻ പ്രതിനിനിധിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായിരുന്നു. പിന്നീട് കെ.എസ്.യു താലൂക്ക് പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ ട്രഷററുമായി. ദീർഘകാലം ഡി.സി.സി അംഗമായിരുന്നു. ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. മാതാവ് ആരിഫ അസീസ് ജില്ലാ കൗൺസിൽ അംഗമായിരുന്നു. ഇപ്പോൾ ബിസിനസ് നടത്തുന്ന ജ്യേഷ്ഠൻ നാസർ അസീസ് കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. ശോഭിത, മാജിദ എന്നിവർ സഹോദരിമാരാണ്.

നെറ്റ്ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കൊല്ലം എൽ.എ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഭാരത് നഗർ റസിഡന്റ്സ് അസോസിയേഷന്റെയും വടക്കേവിള ഫാസിന്റെയും രക്ഷാധികാരിയാണ്. കൊല്ലം സീ ഷോർ വാക്കേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്.

റോൾ മോഡൽ എ.കെ. ആന്റണി

'' നാല്പത് വർഷം മുൻപ് പിതാവ് മരിക്കുമ്പോൾ ഞാൻ സെന്റ് അലോഷ്യസ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ബാപ്പയുടെ മയ്യത്തുമായി എ.കെ.ആന്റണിയുടെ കൈപിടിച്ചാണ് കൊല്ലൂർവിള പള്ളിയിലേക്ക് പോയത്. അന്ന് എ.കെ.ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നു. ബാപ്പ അന്ന് ആന്റണിയെ പ്രസിഡന്റേ എന്നാണ് വിളിച്ചിരുന്നത്. ആന്റണി മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമൊക്കെ ആയപ്പോഴും ഇപ്പോഴും ഞാനും അദ്ദേഹത്തെ പ്രസിഡന്റേ എന്നാണ് വിളിക്കുന്നത്."

നൂറുവട്ടം അർഹതയുണ്ടായിട്ടും തട്ടിത്തെറിപ്പിക്കപ്പെട്ട ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പി.എ. അസീസിനെ എത്തിച്ചത് ആന്റണിയാണ്. ആന്റണി ഇടയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ അൻസർ അസീസ് കൊല്ലൂർവിള ഡിവിഷനിൽ നിന്നുള്ള നഗരസഭാംഗമായിരുന്നു. പിന്നീട് രാജ്യസഭാംഗമായ എ.കെ. ആന്റണി എം.പി ഫണ്ടിൽ നിന്ന് ആദ്യം പണം അനുവദിച്ചത് അൻസർ അസീസിന്റെ അപേക്ഷയിലാണ്. കൊല്ലൂർവിള എൽ.പി.എസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 25 ലക്ഷം രൂപ. എം.പി ഫണ്ട് ഉപയോഗിച്ച് ആദ്യം പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ ആന്റണി പറഞ്ഞ വാക്കുകൾ ഇപ്പോഴും അൻസർ അസീസിന്റെ ഹൃദയത്തിൽ മായാതെ മുഴങ്ങുന്നുണ്ട്. '' ഇത് ഞാൻ അൻസർ അസീസിന് കൊടുത്ത പണമല്ല. അദ്ദേഹത്തിന്റെ പിതാവ് പി.എ. അസീസിന് കൊടുത്തതാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട പി.എ. അസീസിന്." ഇടയ്ക്ക് ഇതുവഴി പോകുമ്പോഴെല്ലാം ആന്റണി പഴയ സഹപ്രവർത്തകന്റെ വീട്ടിൽ കയറും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ അൻസർ അസീസിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

മക്കൾക്ക് മുന്നിൽ ലോക്ക് ഡൗൺ

ലോക്ക് ഡൗണിന് മുമ്പേ രാവിലെ കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിരാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങും. എല്ലാദിവസവും പാർട്ടിയുടെ നേതൃത്വത്തിൽ പാവങ്ങൾക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കും. ഇന്നലെ രാവിലെയും കൊല്ലൂർവിള ഭാരത് നഗറിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്ത ശേഷമാണ് ബാങ്കിലേക്കെത്തിയത്. അപ്പോൾ പ്രസിഡന്റിന്റെ മുറിക്ക് മുന്നിൽ കുറഞ്ഞത് 20 പേരെങ്കിലും കാത്തിരിപ്പുണ്ട്. മിനിറ്റുകൾ കഴിയുന്തോറും ആളിന്റെ എണ്ണം കൂടിക്കൂടി വന്നു. ലോക്ക് ഡൗണിന് ശേഷം ഇങ്ങനെയാണ്. ഉച്ചഭക്ഷണമൊന്നും കൃത്യസമയത്ത് കഴിക്കാനാകില്ല. ഉച്ചയ്ക്ക് ശേഷം എന്തായാലും വീട്ടിൽ തന്നെയാണ്. ബി.ബി.എ വിദ്യാർത്ഥിയായ മകൻ ആസിഫ് അൻസറും ഏഴാം ക്ലാസുകാരിയായ മകൾ സുഹയ്യ അൻസറും ഭാര്യ ഷെമീനയുമായി പള്ളിമുക്ക് പോസ്റ്റാഫീസ് ജംഗ്ഷനിലെ പുത്തൻപുര വീട്ടിൽ അടിച്ചുപൊളിയാണ്.

കരുണയുള്ള സഹകാരി

കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിൽ ലോക്ക് ഡൗൺ കാലത്ത് 5,000 രൂപ പത്ത് മാസത്തേക്ക് പലിശരഹിത വായ്പയായി കിട്ടും. 10,000 രൂപ മൂന്ന് മാസത്തേക്ക് പലിശയില്ലാതെ കിട്ടും. ഇങ്ങനെ കൊല്ലൂർവിള ബാങ്കിനെ പാവങ്ങളുടെ അത്താണിയാക്കി മാറ്റുകയാണ് അൻസർ അസീസ്. ബാങ്കിന്റെ ആസ്തി ഉയർത്തുന്നതിനപ്പുറം ജനക്ഷേമത്തിനാണ് മുൻഗണന. ബാങ്ക് പ്രസിഡന്റ് പദവിയെ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് സർഗാത്മകമാക്കിയതിന് എ. പാച്ചൻ അവാർഡ്, കടപ്പാൽ ശശി അവാർഡ്, തെങ്ങമം ബാലകൃഷ്ണൻ പുരസ്കാരം അടക്കമുള്ള നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോർ ബാങ്കിംഗ്, സഞ്ചരിക്കുന്ന ബാങ്ക്, സ്കൂളിലെത്തും ബാങ്ക്, നീതി മെഡിക്കൽ സ്റ്റോർ തുടങ്ങിയ വൈവിദ്ധ്യപൂർണവും ആധുനികവുമായ നിരവധി മുന്നേറ്റങ്ങളും കൊല്ലൂർവിള ബാങ്ക് സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എഴുതി ചേർക്കുന്നുണ്ട്.