കൊല്ലം: മദ്യശാലകൾ അടഞ്ഞു കിടക്കുന്നത് മുതലെടുത്ത് വ്യവസ്ഥകൾ പാലിക്കാതെ 505 ലിറ്റർ അരിഷ്ടം വില്പനക്കായി സൂക്ഷിച്ച കരുനാഗപ്പള്ളി തഴവ, കൊച്ചു കുറ്റിപ്പുറം കുറ്റിയിൽ തെക്കതിൽ വീട്ടിൽ വിശ്വനാഥൻ (56) എക്സൈസ് പിടിയിലായി. ആയുർവേദ മരുന്നുകളുടെ വില്പനയ്ക്ക് ലൈസൻസുള്ള വിശ്വനാഥൻ അരിഷ്ടം വ്യാപകമായി സംഭരിച്ച് വില്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
അരിഷ്ടത്തിൽ അനുവദനിയമായ അളവിൽ കൂടുതൽ വീര്യം ഉണ്ടോയെന്നറിയാൻ സാമ്പിൾ രാസപരിശോധനയ്ക്കയച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി. രാജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, വിഷ്ണു, മനു.കെ മണി, അനൂപ്.എ.രവി, രാജഗോപാലൻ ചെട്ടിയാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.