school
സ്കൂൾ

 തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു

ഇളവ്

24 മുതൽ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ ജില്ലയിലെ സ്‌കൂളുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ ആരംഭിക്കും. 24 മുതൽ ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ നിർദേശം. ഇതിനുശേഷം എയ്ഡഡ് - സർക്കാർ മേഖലയിലെ എൽ.പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള സ്‌കൂളുകളുടെ അറ്റകുറ്റപണികളും നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതിന് തടസമുണ്ടാകില്ല.

അറ്റകുറ്റപ്പണികൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് പൂർത്തീകരിച്ച് എൽ.എസ്.ജി.ഡി അസി.എക്‌സി. എൻജിനീയർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെങ്കിൽ മാത്രമേ കെട്ടിടത്തിൽ അടുത്ത അദ്ധ്യയന വർഷത്തിൽ ക്ലാസുകൾ നടത്താൻ കഴിയുകയുള്ളൂ. എയ്ഡഡ് സ്‌കൂളുകളിൽ മാനേജ്മെന്റിന്റെയും സർക്കാർ സ്കൂളുകളിൽ തദ്ദേശ സ്ഥാപനങ്ങൾ, പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയുമാണ് നവീകരണങ്ങൾ നടത്തുന്നത്.

കൊവിഡ് വ്യാപന ഭീതിയിൽ മാറ്റിവച്ച പത്താം ക്ലാസിലെ മൂന്ന് പരീക്ഷൾ കൂടി നടത്താനുണ്ട്. സർക്കാർ നിശ്ചയിക്കുന്നത് അനുസരിച്ച് പരീക്ഷയും പിന്നാലെ മൂല്യനിർണയവും നടക്കും. കൂടുതൽ അദ്ധ്യാപകരെ നിയോഗിച്ച് ഒരാഴ്‌ചയ്‌ക്കുള്ളിൽ മൂല്യനിർണയം പൂർത്തീകരിക്കാനും അതിവേഗം ഫലപ്രഖ്യാപനം നടത്താനുമാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ലോക്ക് ഡൗൺ ഇളവുകൾ വന്നാലും അവധിക്കാല ക്ലാസുകൾ നടത്താൻ കഴിയില്ല. സർക്കാർ നിർദേശം വരുന്നതിന് പിന്നാലെ അറ്റകുറ്റപ്പണികൾ നടത്താനുള്ള തയ്യാറാറെടുപ്പുകൾ സ്‌കൂൾ അധികൃതർ പൂർത്തീകരിച്ച് വരികയാണ്.

''

ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ സർക്കാർ നിർദേശങ്ങൾക്ക് അനുസരിച്ച് സ്‌കൂളുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും.

ടി.ഷീല,

വിദ്യാഭ്യാസ ഉപഡയറക്ടർ, കൊല്ലം