പുതിയ പോസിറ്റീവ് കേസുകൾക്ക് സാദ്ധ്യത കുറവ്
പൊസിറ്റീവ് കേസുകളില്ലാതെ
10 ദിനങ്ങൾ
ഒടുവിൽ റിപ്പോർട്ട് ചെയ്തത്
ഏപ്രിൽ 9ന്
കൊല്ലം: തുടർച്ചയായ പത്ത് ദിവസങ്ങളിൽ പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതെ ജില്ല ആശ്വാസ തീരത്തേക്ക്. വരും ദിവസങ്ങളിൽ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ജില്ല. ഇടയ്ക്ക് തുടർച്ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത് ആശങ്കയുടെ മുൾമുനയിലേക്ക് ഉയർന്ന സാഹചര്യത്തിൽ നിന്നാണ് ഇപ്പോൾ പുതിയ കേസുകളിലാത്ത നിലയിലേക്ക് എത്തിയിരിക്കുന്നത്.
ഈമാസം 9നാണ് ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനുശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാകുന്നത്.
അവർത്തിച്ചുള്ള പരിശോധനാ ഫലങ്ങൾ നെഗറ്റീവായാൽ ഇവർ വരും ദിവസങ്ങളിൽ വീട്ടിലേക്ക് മടങ്ങും. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ അധികവും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രണ്ടുപേർ മാത്രമാണ് രോഗബാധിരായത്. സമ്പർക്കത്തിലൂടെ രണ്ട് പേരിലേക്ക് രോഗം പടർന്നു.
ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകൾക്ക് സാദ്ധ്യത കുറവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിയെത്തിവരെല്ലാം 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ സ്രവങ്ങൾ മാത്രമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. കുറച്ച് പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ടെങ്കിലും ഇവ പോസിറ്റീവ് ആകില്ലെന്നാണ് പ്രതീക്ഷ. ജില്ലയിൽ നിന്ന് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 11 പേരിൽ രോഗം സ്ഥരീകരിച്ചവർ ഒഴികെ ബാക്കിയുള്ളവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവായതും ആശ്വാസം പകരുന്നു. ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും കുത്തനെ താഴ്ന്നിട്ടുണ്ട്.