vat
വാറ്റ്

 യുട്യൂബ് വീഡിയോ അനുകരിച്ച് ചാരായം വാറ്റിയ മൂന്നുപേർ‌ അറസ്റ്റിൽ

കൊല്ലം: ബാറുകളും ബിവറേജസുകളും അടഞ്ഞുകിടക്കുന്നത് മുതലെടുത്ത് കച്ചവടം കൊഴുപ്പിക്കാൻ യുട്യൂബ് വീഡിയോ അനുകരിച്ച് ചാരായം വാറ്റിയ യുവാവ് പിടിയിലായി. ഇതേ രീതിയൽ പ്രഷർ കുക്കറിൽ ചാരായം വാറ്റിയ മറ്റ് രണ്ടുപേരും എക്സൈസ് വലയിലായി.

യുട്യൂബ് വീഡിയോ അനുകരിച്ച് ചാരായം വാറ്റിയ കുണ്ടറ ഇളമ്പള്ളൂർ പള്ളിമുക്ക് പീസ് വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന ഡെൻസിൽ ഗിൽബർട്ട്, പുന്തലത്താഴം ശ്രീമംഗലത്ത് ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ രണ്ട് പ്രഷർ കുക്കറുകളിലായി ചാരായം വാറ്റാൻ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കേ പേരൂർ പുന്തലത്താഴം ഹാരീസ് മൻസിലിൽ ഹാരീസ് (31) , കിളികൊല്ലൂർ കട്ടവിള തെങ്ങുവിള കിഴക്കതിൽ ഹാരീസ് (38) എന്നിവരാണ് പിടിയിലായത്.

ഡെൻസിലിന്റെ വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായം, 70 ലിറ്റർ കോട, പ്രഷർകുക്കർ, കോപ്പർ കോയിൽ എന്നിവയും മറ്റ് രണ്ട് പ്രതികളുടെ വീട്ടിൽ നിന്ന് 100 ലിറ്റർ കോട രണഅട് പ്രഷർകുക്കറുകൾ, ചെമ്പ് കോയിൽ ഘടിപ്പിച്ച ബക്കറ്റ് എന്നിവയും കണ്ടെടുത്തു.

കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബി. സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ ശ്യാംകുമാർ, നിഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, വിഷ്ണു, അനൂപ്.എ. രവി, മനു.കെ. മണി, ശ്രീനാഥ്, നിതിൻ, കബീർ, ഗോപകുമാർ ഡ്രൈവർ നിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വിപണിയിൽ 'വാറ്റ് ' കിറ്റും

പേരയം ഭാഗത്തുള്ള ഒരു പലചരക്ക് കടയിൽ നിന്നാണ് ചാരായം വാറ്റാനുള്ള ശർക്കര അമോണിയ, യീസ്റ്റ് എന്നിവയുടെ കിറ്റ് വാങ്ങിയതെന്ന് പ്രതികൾ വെളിപ്പെടുത്തി. പത്ത് കിലോ ശർക്കര അടങ്ങിയ കിറ്റ് ഉപയോഗിച്ച് 70 ലിറ്റർ കോട ഉണ്ടാക്കി രണ്ടാമത്തെ ദിവസം വാറ്റും. മൂന്നു ലിറ്റർ കോട വാറ്റിയാൽ ഒരു ലിറ്റർ ചാരായം ലഭിക്കും. ലിറ്ററിന് 2000 രൂപാ നിരക്കിലാണ് വില്പനയെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. വാറ്റിനുള്ള സാധനങ്ങൾ വിറ്റ കടയ്ക്കെതിരെയും കേസെടുക്കും.


ടിക് ടോക്കിൽ വൈറാലാകാൻ

'ചാരായം വാറ്റിയ' യുവാക്കൾ അറസ്റ്റിൽ

കരുനാഗപ്പള്ളി: ടിക് ടോക്കിൽ വൈറലാകാൻ വ്യാജമദ്യം നിർമ്മിക്കുന്നതിന്റെ വീഡിയോയെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. ചവറ സ്വദേശികളായ സനുരാജ് (25), ജയമോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്. വീടിനുള്ളിൽ ചാരായം വാറ്റുന്നതിനായി സജ്ജീകരണങ്ങൾ നടത്തിയ ശേഷം വീഡിയോ മൊബൈലിൽ പകർത്തി. തുടർന്ന് ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഈ വീഡിയോ വാട്സ് ആപ്പ് സ്‌റ്റാറ്റസാക്കിയതോടെയാണ് ഇരുവരും കുടുങ്ങിയത്. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹന് രഹസ്യ വിവരം ലഭിച്ചതോടെ എക്സൈസ് ഷാഡോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടരന്വേഷണം കൊല്ലം അസി. എക്സൈസ് കമ്മിഷണർ ജെ. താജുദ്ദീൻ കുട്ടി ഏറ്റെടുത്തു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ, ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ ബി. ശ്രീകുമാർ, എസ്. അനിൽകുമാർ, എച്ച്. ഷിഹാസ് എന്നിവർ പങ്കെടുത്തു.