fishing

കൊല്ലം: പട്ടിണിയുടെ വക്കിലെത്തിയ ജില്ലയിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് ഇടത്തരം ബോട്ടുകളും വള്ളങ്ങളും ഇന്ന് മുതൽ കടലിലേക്ക് പോകും. 25 എച്ച്.പി ശേഷി വരെയുള്ള ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും 32 അടി നീളമുള്ള ബോട്ടുകൾക്കുമാണ് കടലിൽ പോകാൻ അനുമതി. വള്ളങ്ങളിലും ബോട്ടുകളിലും 12ൽ കൂടുതൽ തൊഴിലാളികൾ പോകാൻ പാടില്ലെന്ന നിബന്ധനയുണ്ട്.

 ലേലം ഇല്ല

ഇപ്പോൾ കൊല്ലം തീരത്ത് നടക്കുന്നത് പോലെ കരയിലെത്തിക്കുന്ന മത്സ്യം ലേലം ഒഴിവാക്കിയാകും കച്ചവടം. ബോട്ടുകൾ ശക്തികുളങ്ങര ഹാർബറിലും വള്ളങ്ങൾ നീണ്ടകര ഹാർബറിലും അടുപ്പിക്കണം. ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച വിലയ്ക്കാകും വില്പന. ഹാർബറിംഗ് എൻജിനിറീംഗ്, ഫിഷറീസ്, റവന്യു എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാകും വില്പന.

 ജില്ലയിൽ ആകെ

ബോട്ടുകൾ: 1500

ഇൻബോർഡ് വള്ളങ്ങൾ 150

ഔട്ട് ബോർഡ് വള്ളങ്ങൾ: 1800

 വല നിറഞ്ഞാൽ അന്തിപച്ചയിൽ വിലകുറയും

ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ നിന്ന് ഇന്ന് മുതൽ പോയിത്തുടങ്ങുന്ന ബോട്ടുകളിലെ വല നിറഞ്ഞാൽ മത്സ്യഫെഡിന്റെ അന്തിപ്പച്ച മൊബൈൽ വാഹനങ്ങളിലും സ്റ്റാളുകളിലും മത്സ്യത്തിന്റെ വില കുറയും.

കൊല്ലം തീരത്ത് മത്സ്യലഭ്യത കുറവായതിനാൽ ആലപ്പുഴ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് നിലവിൽ മത്സ്യഫെഡ് മീൻ സംഭരിക്കുന്നത്. കൊല്ലത്തെ ഹാർബറുകളിൽ നിന്ന് കൂടുതൽ മത്സ്യം ലഭിച്ചാൽ ആലപ്പുഴയിലേക്കും തിരിച്ചുമുള്ള വാഹന ചെലവ് ഒഴിവാകും. ഇതോടെ വില ചെറിയ തോതിൽ കുറയ്ക്കാനാകുമെന്നാണ് മത്സ്യഫെഡ് അധികൃതരുടെ പ്രതീക്ഷ.

 ഇനം, ഹാർബറില വില, മത്സ്യഫെഡ് വിൽക്കുന്ന വില

ചാള -210 -280

നെയ്മീൻ വലുത് - 700- 770

കേരച്ചൂര- 210 -250

അയല- 290 - 340