police

കൊല്ലം: ലോക്ക് ഡൗൺ കാലയളവിൽ നിയമപരമായ രേഖകളുമായി യാത്ര ചെയ്തവരോട് മോശം പെരുമാറ്റം നടത്തിയ എഴുകോൺ എസ്.ഐ ബാബുക്കുറുപ്പിനെ സ്ഥലം മാറ്റി. കൊട്ടാരക്കരയിലേക്കാണ് മാറ്റം. ലോക്ക് ഡൗൺ കാലയളവിൽ മാത്രം പത്തിൽപരം പരാതികളാണ് ബാബുക്കുറുപ്പിനെതിരെ റൂറൽ എസ്.പിയ്ക്ക് ലഭിച്ചിരുന്നത്. സാമൂഹ്യ അടുക്കളയിൽ നിന്നും ആഹാര വിതരണത്തിന് പോയ സന്നദ്ധ സേനാംഗത്തിന് നേരെ അതിക്രമം കാട്ടിയതിന് എസ്.ഐയ്ക്കെതിരെ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാകൃഷ്ണനും അതിക്രമത്തിനിരയായ സന്നദ്ധ പ്രവർത്തകൻ ശ്യാമും മുഖ്യമന്ത്രിയ്ക്കടക്കം ഉന്നത അധികാരികൾക്കെല്ലാം പരാതി നൽകിയിരുന്നു. വോളണ്ടിയർ പാസ് കാണിച്ചിട്ടും എസ്.ഐ, ശ്യാമിനെ അസഭ്യം പറഞ്ഞു എന്നാണ് പരാതി. അന്നുതന്നെ എസ്.പിയ്ക്ക് പരാതി നൽകാൻ കാറിൽ പുറപ്പെട്ടപ്പോഴും ശ്യാമിന്റെ വാഹനം തടഞ്ഞ് എസ്.ഐ അസഭ്യം പറഞ്ഞിരുന്നു.

ഈ മാസം 9ന്‌ പൊലീസിന്റെ സത്യവാങ്മൂലം വ്യാജമായി നിർമ്മിച്ചെന്ന് ആരോപിച്ച് വ്യാപാരിയെ എസ്.ഐ കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു. പൊലീസിന്റെ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മാതൃക, വ്യാജമാണെന്ന് കരുതിയാണ് എസ്.ഐ കുഴിമതികാട് സ്വദേശി പീറ്റർകുട്ടിയെ കസ്റ്റഡിയിലെടുത്തത്. നിജസ്ഥിതി ബോദ്ധ്യപ്പെട്ട റൂറൽ എസ്.പി ഇടപെട്ടാണ് പിന്നീട് പീറ്റർകുട്ടിയെ മോചിപ്പിച്ചത്. മാർച്ച് 30ന് എഴുകോണിലെ ഒരു ക്ഷേത്രത്തിൽ പ്രഭാതപൂജ കഴിഞ്ഞ് തിരിച്ചുപോയ പൂജാരിയെയും പത്രവിതരണം നടത്തി തിരികെവന്ന ഏജന്റിനെയും നാല് ദിവസം മുമ്പ് നെടുമൺകാവ് പി.എച്ച്‌ സെന്ററിലെ ആംബുലൻസ് ഡ്രൈവറെയും ലോക്ക് ഡൗൺ നിർദേശം ലംഘിച്ചെന്ന് ആരോപിച്ച് എസ്.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ആംബുലൻസെടുക്കാൻ ആശുപത്രിയിലേക്ക് പോയ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് കേസുകളിലും റൂറൽ എസ്.പി ഇടപെടേണ്ടിവന്നു.

ഗ്രാമപ്രദേശത്ത് വീട്ടിലേക്ക് ചക്കയുമായി ബൈക്കിൽ പോയയാളെയും രോഗിയെയും കൊണ്ട് ഓട്ടോയിൽ പോയവരെയും എസ്.ഐ കസ്റ്റഡിയിലെടുത്ത സംഭവവും ഉണ്ടായി. നിരന്തരം പരാതികൾ ഉണ്ടായതോടെ ഇന്നലെ എസ്.പി ഹരിശങ്കർ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. ബാബുക്കുറുപ്പിന്റെ വിശദീകരണവും വാങ്ങിയ ശേഷമാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കര എസ്.ഐ രാജീവിനെയാണ് പകരം എഴുകോണിൽ നിയമിച്ചത്.