attack

അഞ്ചാലുംമൂട്: കെ.പി.എം.എസ് ജില്ലാ ഭാരവാഹിയുടെ വീട്ടിൽ ആയുധങ്ങളുമായി എത്തിയ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. പ്രാക്കുളം കാർത്തിക ഭവനിൽ രാഹുൽ (21) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. കെ.പി.എം.എസ് ജില്ലാ കൺവീനർ ലറ്റീഷയുടെ പ്രാക്കുളം മധുരശ്ശേരി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ രാഹുലും സുഹൃത്തുക്കളും ആയുധങ്ങളുമായി എത്തിയെന്നാണ് കേസ്.

പ്രദേശത്ത് സന്നദ്ധപ്രവർത്തകരായ ചില യുവാക്കളുമായി രാഹുലും സുഹൃത്തുക്കളും നേരത്തെ വാക്ക് തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതേതുടർന്ന് ഇവർ സന്നദ്ധപ്രവർത്തകരായ യുവാക്കളെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. ഇതിനായാണ് ഇവർ മധുരശ്ശേരി ഭാഗത്ത് എത്തിയതെന്നും കരുതുന്നു.

പത്തോളം വരുന്ന യുവാക്കളുടെ സംഘമാണ് പ്രദേശത്ത് എത്തിയത്. വീട്ടുപരിസരത്ത് നിന്ന് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഭവനഭേദന ശ്രമം, ആയുധം കൈവശം സൂക്ഷിക്കൽ, സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റ് യുവാക്കൾ ഒളിവിലാണ്.