കൊല്ലം: ഔദ്യോഗിക തിരക്കുകൾക്കിടയിലും ലോക്ക് ഡൗൺ ദുരിതത്തിലായ ജനങ്ങൾക്ക് സഹായവുമായി എത്തുകയാണ് പൊലീസ് ഉദ്യോഗസ്ഥർ.
കിളികൊല്ലൂർ കുറ്റിച്ചിറയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സുമനസുകളുടെ സഹായത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ച് നൽകി. ഒരു മാസമായി തൊഴിയും കൂലിയും ഇല്ലാതെ ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു തൊഴിലാളികൾ.
ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൊലീസ് കൈമാറി. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരാലംബരായ 50 കുടുംബങ്ങൾക്ക് ഇന്നലെ ഉച്ചഭക്ഷണം നൽകിയത് പൊലീസാണ്. തിരുമുല്ലവാരം പുന്നത്തലയുള്ള രോഗിക്ക് വയനാട്ടിൽ നിന്ന് പൊലീസിന്റെ പ്രത്യേക സംവിധാനത്തിലൂടെ ജീവൻ രക്ഷാമരുന്നുകളും എത്തിച്ച് നൽകി.