പത്തനാപുരം: മദ്യലഹരിയിൽ കരിക്കടർത്താൻ കയറിയ യുവാവ് തെങ്ങിൽ നിന്ന് വീണ് മരിച്ചു. മാങ്കോട് തൊണ്ടിയാമൺ ചരുവിള വീട്ടിൽ പ്രദീപാണ് (40) മരിച്ചത്.
പൊലീസ് പറയുന്നത്: ഇയാളുൾപ്പെടെ നാലംഗസംഘത്തെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാനില്ലായിരുന്നു. വ്യാജ മദ്യം നിർമ്മിച്ച് കുടിച്ച ശേഷം സംഘം സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ പുളിന്തോട് ഭാഗത്തെത്തി. പിന്നീട് കൂടുതൽ മദ്യം കഴിക്കാനായി കരിക്കിടാൻ തെങ്ങിൽ കയറുന്നതിനിടെയായിരുന്നു അപകടം. പ്രദീപ് ബോധരഹിതനായതോടെ ഭയപ്പെട്ട സംഘാംഗങ്ങൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ എട്ടോടെ പുളിന്തോട് ഭാഗത്ത് നാട്ടുകാരാണ് പ്രദീപിനെ കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അനീഷ് എന്നയാളെ പത്തനാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മറ്റ് രണ്ടുപേർ ഒളിവിലാണ്. പ്രദീപിന്റെ ഭാര്യ: രജിത. മക്കൾ: പ്രവീൺ, പ്രവിത.