ശാസ്താംകോട്ട: പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ത പരിശോധനയ്ക്ക് നിർദേശിച്ചതിന് പിന്നാലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് പനപ്പെട്ടി തനിമ ഹോളോബ്രിക്‌സിലെ തൊഴിലാളി ഈസ്റ്റ്‌ ബംഗാൾ സ്വദേശി ബോണോ മാലി റോയിയെ (19) ശാസ്താംകോട്ട - ഭരണിക്കാവ് റോഡിലെ ഹോട്ടലിന് പിന്നിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ പരിസര വാസികൾ കണ്ടത്.

താമസ സ്ഥലത്ത് നിന്ന് നാലു കിലോമീറ്ററിലേറെ നടന്ന് ബ്രിക്‌സിലെ മറ്റ് രണ്ട് തൊഴിലാളികൾക്കൊപ്പം ഇന്നലെ ഉച്ചയ്ക്കാണ് ബോണോ മാലി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം രക്തപരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. രക്തം കൊടുത്ത് പുറത്തേക്കിറങ്ങിയ ഉടൻ ബോണോ മാലിയെ കാണാതാവുകയായിരുന്നു. ഏറെനേരം തെരഞ്ഞിട്ടും കാണാതെ വന്നതോടെ സുഹൃത്തുക്കൾ താമസസ്ഥലത്തേക്ക് മടങ്ങി. മൃതദേഹം കണ്ടതിന് പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പൊലീസ് ഫോട്ടോ പ്രചരിപ്പിച്ചു. മരിച്ചത് ബോണോ മാലിയാണെന്ന് രാത്രി ഏഴരയോടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.

ഇതോടെ ഇയാളുടെ രക്തപരിശോധനാ ഫലത്തിനായി പൊലീസും ആരോഗ്യവകുപ്പും ആശുപത്രിയുമായി ബന്ധപ്പെട്ടു. എന്നാൽ സംശയിക്കത്തക്ക തരത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇൻക്വസ്‌റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബോണോയുടെ താമസ കേന്ദ്രത്തിൽ രാത്രി വൈകിയും പരിശോധന നടത്തിവരികയാണ്.