photo
കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല സാമൂഹിക അടുക്കളയിലേക്കുള്ള ഭക്ഷ്യ സാധനങ്ങൾ ആർ.രാമചന്ദ്രൻ എം.എൽ.എ ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ഡോ: വള്ളിക്കാവ് മോഹൻദാസിൽ നിന്നും ഏറ്റ് വാങ്ങുന്നു.

കരുനാഗപ്പള്ളി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യപിച്ചതോടെ കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച സാമൂഹിക അടുക്കള അശരണർക്ക് ആശ്വാസമാകുന്നു. ദിവസവും 500 ഓളം പേർക്കാണ് ഇവിടെ നിന്ന് ഉച്ച ഭക്ഷണം നൽകുന്നത്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച അടുക്കള സജീവമായതോടെ സഹായ ഹസ്തവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച സാമൂഹിക അടുക്കള കഴിഞ്ഞ 28 ദിവസമായി ആഹാരം കിട്ടാതെ വലയുന്നവർക്ക് ആശ്വാസമാവുകയാണ്. അന്യ സംസ്ഥാന തൊഴിലാളികൾക്കും കരുനാഗപ്പള്ളിയിലെ വിവിധ ലോഡ്ജുകളിൽ കുടങ്ങിപ്പോയവർക്കും ഗ്രാമ പ്രദേശത്ത് ഭക്ഷണം ലഭിക്കാതെ വലയുന്നവർക്കും ഇവിടെ നിന്നുള്ള ഭക്ഷണം വലിയ ആശ്വാസമാണ്. ഓരോ ഡിവിഷനിലേക്കുമുള്ള ഭക്ഷണം ഉച്ചയ്ക്ക് നഗരസഭയുടെ വാഹനങ്ങളിൽ എത്തിക്കുകയാണ്. സാമ്പാർ, തോരൻ, അച്ചാർ. രസം, അവിയൽ, എന്നിവയാണ് ചോറിനൊപ്പം നൽകുന്നത്. ഇന്നലെ 500 പേർക്ക് വെജിറ്റബിൾ ബിരിയാണിയാണ് നൽകിയത്.

സാമൂഹിക അടുക്കളയിലേക്ക് സഹായങ്ങളുടെ പ്രവാഹം

സാമൂഹിക അടുക്കളയിലേക്കുള്ള സാധനങ്ങൾ പൊതു സമൂഹമാണ് നൽകുന്നത്. കഴിഞ്ഞ ദിവസം അയണിവേലിക്കുളങ്ങര തെക്ക് വടക്കേ അറ്റത്ത് കണ്ണനാണ് ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ നൽകിയത്. ഇന്നലെ ലാലാജി ഗ്രന്ഥശാല ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകി. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് ഭക്ഷ്യ സാധനങ്ങൾ ആർ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് കൈമാറി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ, നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, ഷംസുദ്ദീൻ, പി. തമ്പാൻ, ശ്രന്ഥശാലാ സെക്രട്ടറി ജി. സുന്ദരേശൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സി.പി.ഐ കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയും ഭക്ഷ്യ സാധനങ്ങൾ സാമൂഹിക അടുക്കളയിലേക്ക് നൽകി. അഡ്വ. എം.എസ്. താര, പടിപ്പുരയിൽ ലത്തീഫ്, പ്രഭ, ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

500 പേർക്കാണ് കരുനാഗപ്പള്ളിയിലെ സാമൂഹിക അടുക്കളയിൽ നിന്ന് ദിനംപ്രതി ഭക്ഷണം നൽകുന്നത്