pic-

കൊല്ലം: ജില്ല ഉൾപ്പെടുന്ന സംസ്ഥാനത്തെ ഓറഞ്ച് എ സോണിൽ 24ന് ശേഷം ലോക്ക് ഡൗൺ ഇളവുകൾ വരുന്നതോടെ സ്വകാര്യ വാഹനങ്ങൾ നിയന്ത്രിതമായി പുറത്തിറക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ സംഖ്യയിൽ നമ്പർ അവസാനിക്കുന്ന വാഹനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട സംഖ്യ എന്നിവയിൽ നമ്പർ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും പുറത്തിറക്കാം. എന്നാൽ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിർത്തിക്ക് പുറത്തേക്ക് പോകാനാവില്ല.

നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും ഇരു ചക്രവാഹനങ്ങളിൽ ഒരാളും മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. കുടുംബാംഗമാണെങ്കിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. എന്നാൽ, സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. യാത്രക്കാർക്ക് മാസ്‌ക് നിർബന്ധമാണ്.

ആട്ടോറിക്ഷ, ടാക്സി, ബസുകൾ എന്നിവയുടെ സർവീസുകൾ ഉണ്ടാകില്ല. മേയ് മൂന്നിന് ലോക്ക് ഡൗൺ പിൻവലിക്കുകയാണെങ്കിൽ സർക്കാർ നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും പൊതുഗതാഗത സംവിധാനത്തിന്റെ പ്രവർത്തനം. 24ന് ശേഷം സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാമെന്ന് കൊല്ലം ആർ.ടി.ഒ ആർ. രാജീവ് പറഞ്ഞു.