കൊല്ലം: ലോക് ഡൗൺ ലംഘിച്ച് കൊല്ലം പട്ടണത്തിൽ ജാഥ നടത്തിയ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളെ നാട്ടിലെത്തിയ്ക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകുന്നതിന് വേണ്ടിയാണ് ഏഴംഗ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. താലൂക്ക് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച ജാഥ സെന്റ് ജോസഫ് സ്കൂളിന് സമീപംവച്ച് പൊലീസ് തടഞ്ഞു. അപ്പോഴാണ് ബിന്ദുകൃഷ്ണ ജാഥയ്ക്കൊപ്പമെത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചിന്നക്കട റൗണ്ടിലേക്ക് നടന്ന ബിന്ദുകൃഷ്ണയെ ഈസ്റ്റ് സി.ഐ രാജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.അരുൺരാജ്, ഫൈസൽ കുളപ്പാടം എന്നിവരടക്കമുള്ളവരെയും അറസ്റ്റ് ചെയ്തു. പനിബാധിച്ച മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറിൽ വരികയായിരുന്ന ബിന്ദുകൃഷ്ണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ടതോടെ റോഡിൽ ഇറങ്ങി ഒപ്പം നടന്നതാണ്. ലോക് ഡൗൺ ലംഘനം നടത്തിയതിനാലാണ് അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് പൊലീസ് അറിയിച്ചു.