ബാറ്ററിയും ടയറും കേടാകാതിരിക്കാൻ പ്രത്യേക പരിചരണം
കൊല്ലം: ലോക്ക് ഡൗൺ കഴിഞ്ഞ് നിരത്തിലിറങ്ങുമ്പോൾ വഴിയിൽ വീഴാതിരിക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾക്ക് പ്രത്യേക അവധിക്കാല പരിചരണം. മറ്റ് അറ്റകുറ്റപ്പണികളെല്ലാം ഒഴിവാക്കി ബാറ്ററിയും ടയറും കേടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
എല്ലാ ഡിപ്പോകളിലും മൂന്ന് വീതം ഡ്രൈവർമാരെയും മെക്കാനിക്കൽ ജീവനക്കാരെയും ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ നിയോഗിച്ചിട്ടുണ്ട്. ഒരു ഡിപ്പോയിൽ എല്ലാ ദിവസവും കുറഞ്ഞത് 20 ബസുകളെങ്കിലും അരമണിക്കൂർ സ്റ്റാർട്ട് ചെയ്ത് നിറുത്തും. കൊല്ലം ഡിപ്പോയിലെ ബസുകൾ ഓരോന്നും ഇടയ്ക്കിടെ ആശ്രാമം വരെ ചുറ്റിക്കറക്കി തിരിച്ചെത്തിക്കുന്നുണ്ട്. ഒരിടത്ത് തന്നെ ദിവസങ്ങളോളം നിറുത്തിയിടുന്നതു മൂലം ടയർ നശിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
എല്ലാ ഡിപ്പോകളിലും ബസുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിചരണം. ടയറുകളുടെ പ്രഷർ ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ട്. പെട്ടെന്ന് കാറ്റ് കുറയുന്ന ടയറുകൾ മാറ്റി പുതിയത് ഇടുന്നുണ്ട്. സ്പെയർ പാർട്സ് ഇല്ലാത്തതിനാൽ മറ്റ് അറ്റകുറ്റപ്പണികൾ മാറ്റിവച്ചിരിക്കുകയാണ്. സ്വകാര്യ വർക്ക് ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിക്ക് പുറമെ മറ്റ് സർക്കാർ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഗാരേജുകളിൽ ചെയ്തു കൊടുക്കുന്നുണ്ട്.