യൂത്ത് കോൺഗ്രസ് സമരത്തിന് അഭിവാദ്യം അർപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ്
കൊല്ലം: പനി ബാധിച്ച മകനെ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോയ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണയെ യൂത്ത് കോൺഗ്രസ് സമരത്തിന് അഭിവാദ്യം അർപ്പിച്ചതിന് അറസ്റ്റ് ചെയ്‌തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകന് രണ്ട് മണിക്കൂറോളം അമ്മയെ കാത്ത് ചിന്നക്കടയിൽ കാത്തിരിക്കേണ്ടിവന്നു. ഇന്നലെ രാവിലെ പത്തരയോടെ ചിന്നക്കടയിൽ നിന്നാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
പ്രവാസികളുടെ കുടുംബങ്ങൾ നൽകിയ സങ്കട ഹർജികളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൈക്കിളിൽ കളക്ടറേറ്റിലേക്കെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരത്തിൽ പ്രവേശിക്കും മുമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതറിഞ്ഞ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജും മറ്റ് രണ്ട് നേതാക്കളും താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിന്ന് നടന്ന് ചിന്നക്കടയിലേക്ക് വരുമ്പോൾ ഇവരെ കണ്ടാണ് ബിന്ദുകൃഷ്ണ വാഹനത്തിൽ നിന്നിറങ്ങിയത്. യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് ഫേസ് ബുക്ക് ലൈവിലൂടെ ബിന്ദുകൃഷ്ണ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.
അപ്പോഴേക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കാറിൽ കയറി ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ച ബിന്ദുകൃഷ്ണയുടെ സമീപത്തെത്തി അറസ്റ്റ് ചെയ്യുകയാണെന്നും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. വാഹനം ഓടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനോട് മകനെ വീട്ടിലാക്കണമെന്ന് നിർദേശിച്ച് അവർ പൊലീസിനൊപ്പം പോയി. തൊട്ടുപിന്നാലെ ബിന്ദു കൃഷ്ണയുടെ മകനെ തനിച്ചാക്കി വാഹനം ഓടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി നോത്തളും പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി. മകൻ ചിന്നക്കടയിൽ തനിച്ചാണെന്ന് അറിഞ്ഞ് അവിടെയും പ്രർത്തകരെത്തി. സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെ രണ്ട് മണിക്കൂറിന് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
വഴിനീളെ അറസ്റ്റ്
പ്രവാസി കുടുംബങ്ങളുടെ സങ്കട ഹർജികളുമായി ഇന്നലെ പുലർച്ചെ സൈക്കിളിൽ കളക്ടറേറ്റിലേക്ക് തിരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും വഴിനീളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദിനേശ് ബാബു, ആർ.എസ്. അബിൻ, ഫൈസൽ കുളപ്പാടം, വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ് എന്നിവർ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കുടുംബങ്ങളുടെ കത്തുകൾ കളക്ടറെ കണ്ട് കൈമാറാൻ പിന്നീട് യൂത്ത് കോൺഗ്രസ് സംഘത്തിന് പൊലീസ് അനുമതി നൽകി. ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജിന്റെ നേതൃത്വത്തിൽ കളക്ടർ ബി.അബ്ദുൽ നാസറിനെ കണ്ട് കത്തുകൾ കൈമാറി.
''
സാമൂഹിക അകലം പാലിച്ച് പ്രവാസികൾക്കായി ഉയർത്തിയ ശബ്ദമാണ് പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായത്.
ബിന്ദു കൃഷ്‌ണ
''
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവാസി കുടുംബങ്ങളുടെ ആശങ്കയുമായി പ്രവർത്തകർ സൈക്കിളിൽ കൊല്ലത്ത് എത്താൻ ശ്രമിച്ചത്. പൊലീസിന്റെ ഇടപെടൽ നീതികരിക്കാനാവില്ല.
ആർ.അരുൺരാജ്,
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്