chinnakkada

 അബദ്ധം പിണഞ്ഞാതാകാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും

കൊല്ലം: ഒരു പോസിറ്റീവ് കേസ് പോലുമില്ലാത്ത കൊല്ലം നഗരത്തെ കൊവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് പട്ടിക തയ്യാറാക്കിയതിൽ സംഭവിച്ച പിഴവെന്ന് സംശയം. കൊല്ലം നഗരത്തെ ഹോട്ട് സ്പോട്ട് ആക്കേണ്ട സാഹചര്യമില്ലെന്നും എവിടെയെങ്കിലും അബദ്ധം പിണഞ്ഞാതാകാമെന്നും ജില്ലാ മെഡിക്കൽ ഓഫീസറും വ്യക്തമാക്കി.

കുറഞ്ഞത് ഒരു പോസിറ്റീവ് കേസ്, കൊവിഡ് ബാധിതരുമായുള്ള പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടിൽ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവരുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. എന്നാൽ കൊല്ലം നഗരത്തിൽ ഇതുവരെ ഒരു പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈമാസം 14 വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് ആരോഗ്യ വകുപ്പ് പട്ടിക തയ്യാറാക്കിയത്. രോഗം സ്ഥിരീകരിച്ച തൃക്കരുവ പഞ്ചായത്തിൽ താമസിക്കുന്ന പ്രാക്കുളം സ്വദേശിയായ പ്രവാസി കൊല്ലം നഗരത്തിലാണ് വിമാനത്താവളത്തിൽ നിന്ന് എത്തിയത്. പിന്നീട് കൊല്ലത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങുന്നതിനിടെ ഒരു ചായക്കടയിലും കയറിയിരുന്നു.

ആശുപത്രിയിലെെ ഡോക്ടർ അടക്കമുള്ള ജീവനക്കാരുടെ സ്രവ പരിശോധനയിൽ കഴിഞ്ഞ മാസം തന്നെ രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ച് കൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ കൊല്ലം നഗരത്തിൽ രണ്ട് പോസിറ്റീവ് കേസുകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ 23 പ്രൈമറി കോണ്ടാക്ടും ആറ് സെക്കണ്ടറി കോണ്ടാക്ടും ഉണ്ടെന്ന തെറ്രായ വിവരങ്ങളുമുണ്ട്. ഉത്തരവിൽ കടന്നുകൂടിയിട്ടുള്ള പിഴവ് ചൂണ്ടിക്കാട്ടി ഡി.എം.ഒ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗം നഗരകാര്യ റീജിണൽ ജോ. ഡയറക്ടർക്കും കത്ത് നൽകിയിട്ടുണ്ട്.

കൊല്ലം ഹോട്ട് സ്പോട്ടായി തുടർന്നാൽ

കൊല്ലം നഗരം ഹോട്ട് സ്പോട്ടായി തുടർന്നാൽ ജില്ല ഓറഞ്ച് സോണിലാണെങ്കിലും റെഡ് സോൺ ജില്ലകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ കൊല്ലം നഗരത്തിൽ തുടരും. ജില്ലാ കേന്ദ്രമായ കൊല്ലത്ത് ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിനെയും ബാധിക്കും.


''

കൊല്ലം നഗരത്തെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ആരോഗ്യ വകുപ്പിന് തെറ്റ് പറ്റിയതാകാം. നിലവിൽ ഒരു പോസിറ്റീവ് കേസ് പോലും നഗരത്തിൽ ഇല്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെയും കളക്ടറുടെയും ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ട്.

ഹണി ബഞ്ചമിൻ, മേയർ

ഉമ്മന്നൂരിനും പണി കിട്ടി

ജില്ലയിലെ ഉമ്മന്നൂർ പഞ്ചായത്തും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവിൽ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നാട്ടിൽ മടങ്ങിയെത്തിയ ഉമയനല്ലൂർ സ്വദേശിയായ പ്രവാസിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ഉമ്മന്നൂരെന്ന് തെറ്റിദ്ധരിച്ചതാകാമെന്നാണ് സംശയം.