കൊല്ലം: സാമൂഹിക അടുക്കളയിലേക്ക് സംഭാവനയായി ലഭിച്ച അരി അനുവാദമില്ലാതെ വിറ്റ് മറ്റ് അവശ്യവസ്തുക്കൾ വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ. കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സോണലിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നനെയാണ് മേയർ ഹണി ബെഞ്ചമിൻ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച സാമൂഹിക അടുക്കളയിലേക്ക് തേവള്ളി ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ നാല് ചാക്ക് അരി സംഭാവനയായി ലഭിച്ചിരുന്നു. ഈ വിവരം തേവള്ളി ഹെൽത്ത് ഇൻസ്പെക്ടർ ശക്തികുളങ്ങര ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നനെ അറിയിച്ചു. പ്രസന്നൻ ഇതിൽ നിന്ന് രണ്ട് ചാക്ക് അരി ശക്തികുളങ്ങര സാമൂഹിക അടുക്കളയിലേക്ക് സാധനങ്ങൾ വാങ്ങുന്ന കാവനാട്ടെ കടയിൽ കൊടുത്ത് വിലയ്ക്ക് തുല്യമായി മറ്റ് അവശ്യ സാധനങ്ങൾ വാങ്ങുകയായിരുന്നു. ആവശ്യത്തലധികം അരി സ്റ്റോക്കുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെങ്കിലും ഇതിനുള്ള ചുമതല ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകിയിട്ടില്ലായിരുന്നു.
പരാതി ലഭിച്ചത് ദൃശ്യങ്ങൾ സഹിതം
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.ജെ. രാജേന്ദ്രനാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അവിടുത്തെ അടുക്കളയുടെ ചുമതല. പ്ലാനിംഗ് സൂപ്രണ്ട്ര് കൃഷ്ണകുമാർ, ആർ.ഐ പ്രശാന്ത് എന്നിവർക്കാണ് ഉദ്യോഗസ്ഥ തലത്തിലെ ചുമതല. അരി കൊടുത്ത് മറ്റ് സാധനങ്ങൾ വാങ്ങുന്ന കാര്യം ഹെൽത്ത് ഇൻസ്പെക്ടർ ഇവരുമായി ആലോചിച്ചിരുന്നില്ല.
കാവനാട്ടെ കടയിൽ അരി കൊടുത്ത് മറ്റ് സാധനങ്ങൾ വാങ്ങിയ വിവരം അറിഞ്ഞ കാവനാട് കൗൺസിലർ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനെ വിവരമറിയിച്ചു. തൊട്ടടുത്ത ദിവസം മേയർ ഹെൽത്ത് ഇൻസ്പെക്ടറെ വിളിച്ച് വിവരം അന്വേഷിച്ചു. ഇന്നലെ പ്രദേശത്തെ സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി പരാതി നൽകിയതോടെയാണ് ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ അരി കടയിൽ കൊണ്ടുപോയി വിൽക്കുന്ന ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നയാൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് മേയർക്ക് പരാതി ലഭിച്ചത്.
സംഭവം വിവാദമായതോടെ കടയിൽ വിറ്റ അരി തിരികെ വാങ്ങി സാമൂഹിക അടുക്കളയിൽ എത്തിച്ചിരുന്നു. സംഭാവന കിട്ടുന്ന സാധനങ്ങൾ അളവ് സഹിതം രജിസ്റ്ററിൽ ഉൾപ്പെടുത്തിയാണ് സ്വീകരിക്കുന്നത്. ഓരോ ദിവസവും പാചകത്തിന് എടുക്കുമ്പോഴും അളവ് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. സാമൂഹിക അടുക്കളകളുടെ പ്രവർത്തനത്തിൽ ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാവില്ല. വിശദമായി സംഭവം അന്വേഷിക്കും.
ഹണി ബെഞ്ചമിൻ (മേയർ)
ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി. സമഗ്ര അന്വേഷണം വേണം
ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളകളിലേക്ക് ജനങ്ങൾ നൽകുന്ന പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ കാണാതെ പോകുന്നുവെന്ന പരാതി ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അരി മോഷണം. സി.പി.എം കൗൺസിലർമാരും നേതാക്കളുമാണ് അടുക്കള നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കുന്നതിൽ അർത്ഥമില്ല. നേതാക്കളുടെ പങ്ക് കൂടി കണ്ടെത്താൻ സമഗ്ര അന്വേഷണം വേണം
ബിന്ദുകൃഷ്ണ. ഡി.സി.സി പ്രസിഡന്റ്
ഉദ്യോഗസ്ഥനെ പിരിച്ച് വിടണം
സാമൂഹിക അടുക്കളയിലെ അരി മറിച്ച് വിൽക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ച് വിടണം. ഇടത് സംഘടനാ നേതാവ് കൂടിയായ പ്രസന്നകുമാറിനെ സംരക്ഷിക്കാൻ എം. നൗഷാദ് എം.എൽ.എ നടത്തുന്ന ശ്രമം പ്രതിഷേധാർഹമാണ്. ജില്ലയിലെ സാമൂഹിക അടുക്കളകളിൽ സി.പി.എം നേതാക്കൾ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കളക്ടർ തയ്യാറാകണം.
ബി.ബി. ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്