സ്വകാര്യ വാഹനങ്ങൾ നിയന്ത്രണങ്ങളോടെ പുറത്തിറക്കാം
കൊല്ലം: ജില്ലയിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ 24ന് ഇളവുകൾ വരുന്നതോടെ ജനങ്ങളുടെ ഒരു മാസത്തിലേറെ നീണ്ട വീട്ടിലിരിപ്പിന് ഭാഗിക വിരാമമാകും. എല്ലാ സർക്കാർ ഓഫീസുകളും നിയന്ത്രണങ്ങളോടെ പ്രവർത്തന സജ്ജമാകും. സേനകൾക്കൊപ്പം ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങിയ വിഭാഗങ്ങളുടെ ഓഫീസുകളാണ് ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിച്ചത്.
അവശ്യ വിഭാഗങ്ങളിൽ പെടാത്ത ഓഫീസുകളൊന്നും ലോക്ക് ഡൗൺ കാലത്ത് സജീവമായിരുന്നില്ല. സർക്കാർ നിർദേശങ്ങൾക്ക് അനുസരിച്ചാകും വ്യാപാര സഥാപനങ്ങളുടെ പ്രവർത്തനം. ആട്ടോ - ടാക്സി, ബസ് സർവീസുകൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പുറത്തിറങ്ങുന്നതിനും അനുമതിയുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ സംഖ്യയിൽ
നമ്പർ അവസാനിക്കുന്ന വാഹനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട സംഖ്യ എന്നിവയിൽ നമ്പർ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും പുറത്തിറക്കാം. എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണമില്ല. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരും ഇരു ചക്രവാഹനങ്ങളിൽ ഒരാളും മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. കുടുംബാംഗമാണെങ്കിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. ജില്ലാ അതിർത്തിക്കുള്ളിൽ അത്യാവശ്യത്തിന് മാത്രമാകും യാത്ര അനുവദിക്കുക.
തൊഴിൽ മേഖലയിലെ ഇളവുകൾ
കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിച്ച് കൂടുതൽ തൊഴിൽ, സേവന മേഖലകൾക്ക് ഇളവ് ലഭിക്കും. തൊഴിലുറപ്പ് ജോലികൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ അനുമതി നൽകുന്നതിലൂടെ സാധാരണ തൊഴിലാളികളുടെ തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. സർക്കാർ - സ്വകാര്യ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്ത അനുമതി ലഭിക്കും.
സർക്കാർ ജീവനക്കാർക്ക്
പ്രത്യേക താമസ കേന്ദ്രങ്ങൾ
ജില്ലയിലെ സർക്കാർ ഓഫീസുകൾ 35 ശതമാനം ജീവനക്കാരുമായി പ്രവർത്തിപ്പിക്കാനാണ് നിർദേശം. ജീവനക്കാരിൽ പകുതിയിലേറെപ്പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. ജോലിയിൽ പ്രവേശിച്ച ശേഷം എന്നും വീട്ടിലേക്ക് പോകാൻ അനുമതി ലഭിക്കില്ല. ഇവർക്ക് താമസിക്കാൻ പ്രത്യേക സൗകര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഏർപ്പെടുത്തും. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായമുണ്ടാകും.
കൊവിഡ് പ്രതിരോധം ലംഘിക്കരുത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, സിനിമ തീയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്ക് പ്രവർത്തന അനുമതി ഉണ്ടാകില്ല. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടാൻ അനുവദിക്കില്ല. വിവാഹങ്ങൾ, ആഘോഷങ്ങൾ എന്നിവ ലളിതമായി 20 പേരിൽ കൂടുതൽ പങ്കെടുക്കാതെ നടത്തണം.
ഹോട്ട് സ്പോട്ടുകൾക്കി ഇളവില്ല
കൊല്ലം നഗരസഭ, പുനലൂർ മുനിസിപ്പാലിറ്റി, തൃക്കരുവ, നിലമേൽ, ഉമ്മന്നൂർ പഞ്ചായത്തുകൾ ജില്ലയിലെ ഹോട്ട് സ്പോട്ടുകളാണ്. കൊവിഡ് സ്ഥിരീകരിച്ച ഈ മേഖലകളിൽ ഇളവ് ലഭിക്കില്ല.
''
സർക്കാർ നിർദേശങ്ങൾക്ക് അനുസരിച്ച് 24 മുതൽ ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകും. മറ്റ് ജില്ലകളിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും.
ബി.അബ്ദുൽ നാസർ
ജില്ലാ കളക്ടർ
കോടതികൾ 27 മുതൽ ജില്ലയിലെ കോടതികൾ 27 മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനം തുടങ്ങും. മൂന്നിലൊന്ന് ജീവനക്കാർ മാത്രമാകും കോടതികളിലുണ്ടാവുക. ലോക്ക് ഡോൺ കാലത്ത് മുടങ്ങിപോയ കേസുകളും നിലവിലെ കേസുകളും കോടതികൾക്ക് പരിഗണിക്കേണ്ടി വരും. പതിവ് രീതിയിലുള്ള സിറ്റിംഗ് ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെയാകും കേസുകൾ പരിഗണിക്കുക. സിറ്റിംഗ് നടത്തേണ്ടി വന്നാൽ പൂർണമായി സാമൂഹിക അകലം ഉറപ്പ് വരുത്തും.