പത്തനാപുരം: കൊവിഡ് 19 മുൻകരുതൽ സ്വീകരിച്ചതിനാൽ സന്ദർശകരുടെ വരവ് നിലച്ച പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സഹായഹസ്തം. ആവശ്യമായ ഭക്ഷ്യധാന്യങ്ങളുമായാണ് എം.പി ഗാന്ധിഭവനിലെത്തിയത്. കൊവിഡ് 19നെ ചെറുക്കാൻ സർക്കാരിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1300ലേറെ അന്തേവാസികളും 200 സേവനപ്രവർത്തകരുമുള്ള ഗാന്ധിഭവൻ പ്രതിസന്ധിയിലായ ഘട്ടത്തിൽ ഭക്ഷ്യസാധനങ്ങൾ നൽകിയ ജനപ്രതിനിധികൾക്കും സന്നദ്ധ സംഘടനാ പ്രവർത്തകർക്കും സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ നന്ദി അറിയിച്ചു.