കൊല്ലം: എം.സി റോഡിൽ ആയൂർ ജംഗ്ഷനിൽ ടാറിംഗ് ഇളകി റോഡ് തകരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്താണ് ടാറിംഗ് ഇളകി മാറിയത്. ലോക്ക് ഡൗൺ ആയതിനാൽ എം.സി റോഡുവഴി വാഹനങ്ങൾ കടന്നു പോകുന്നത് തീരെ കുറവാണ്. റോഡിന്റെ ഒരു ഭാഗത്തായി ടാറിംഗ് പൊങ്ങിവന്നിരുന്നു. പിന്നീട് ഇവിടത്തെ ടാറിംഗ് ഇളകി മാറുകയായിരുന്നു. പൈപ്പിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. വലിയ തോതിൽ നീരൊഴുക്കില്ലാത്തതിനാൽ റോഡിൽ മറ്റ് ബുദ്ധിമുട്ടുകളില്ല. റോഡിന്റെ മറ്റ് ഭാഗങ്ങളും സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഉയർന്നുവരുന്നുണ്ട്. വാഹനങ്ങൾ കൂടുന്നതിന് മുൻപായി റോഡ് ഇളക്കി അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.