നീണ്ടകര: മത്സ്യ ബന്ധനത്തിന് ലഭിച്ച ഇളവുകൾ മറയാക്കി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് തമിഴ്നാട് തേങ്ങാ പട്ടണത്തിൽ നിന്ന് മൂന്ന് മത്സ്യതൊഴിലാളികളെ ചെറുവള്ളത്തിൽ നീണ്ടകരയിൽ എത്തിച്ചയാളെ ക്വാറന്റൈനിലാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നീണ്ടകര സ്വദേശി ആന്റണിയുടെ വീട്ടിൽ കോസ്റ്റൽ പൊലീസ് പരിശോധിച്ചെങ്കിലും ആരെയും കണ്ടത്താനായില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ മത്സ്യവുമായെത്തിയ വള്ളങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് ആന്റണി പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന മത്സ്യത്തൊഴിലാളികളെ മറ്റൊരു വള്ളത്തിൽ ഇയാൾ തിരിച്ചയച്ചിരുന്നു. വള്ളങ്ങളും ചെറു ബോട്ടുകളിലുമായി തമിഴ്നാട്ടിലുള്ള മത്സ്യത്തൊഴിലാളികളെ കേരളത്തിലെത്തിച്ച് മത്സ്യ ബന്ധനം നടത്തുന്നത് സജീവമാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കൊവിഡ് പടരാനുള്ള സാദ്ധ്യതയുണ്ട്. കോസ്റ്റൽ സി.ഐ. എസ് ഷെരീഫിന്റെ നേതൃത്വത്തിൽ എസ്.ഐ.ഭുവനദാസ്, എം.സി. പ്രശാന്തൻ, മോഹൻകുമാർ, സജയൻ എ.എസ്.ഐ ഡി. ശ്രീകുമാർ, സെബാസ്റ്റ്യൻ, സി.പി.ഒ. അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശാനുസരണം ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ പ്രത്യേക സ്കാഡ് രൂപീകരിച്ച് കർശന പരിശോധന നടത്തുന്നുണ്ട്.