neendakara
ലോക്ക് ഡൗണിനെ തുടർന്ന് നിലച്ച മത്സ്യവിപണനം നീണ്ടകര ഹാർബറിൽ പുനരാരംഭിച്ചപ്പോൾ

 നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്ന് 12.5 ടൺ മത്സ്യം

കൊല്ലം: നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്ന് ഇന്നലെ ഇടത്തരം വള്ളങ്ങളും കടലിലേക്ക് പോയതോടെ ആയിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായി. ഏകദേശം 25 വള്ളങ്ങളും 68 ബോട്ടുകളുമാണ് ഇന്നലെ ഇരു ഹാർബറുകളിൽ നിന്നുമായി നീണ്ട ഇടവേളയ്ക്ക് ശേഷം കടലിലേക്ക് പോയത്. 25 എച്ച്.പി ശേഷിവരെയുള്ള ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച ബോട്ടുകൾക്കും 32 അടി നീളമുള്ള ബോട്ടുകളുമാണ് ഇന്നലെ മുതൽ കടലിലേക്ക് പോയിത്തുടങ്ങിയത്.

വള്ളങ്ങൾ കരിച്ചാളയും മത്തിയും തളയുമായാണ് മടങ്ങിയെത്തിയത്. ബോട്ടുകൾ പ്രധാനമായും കൊഞ്ചുമായാണ് എത്തിയത്. വള്ളങ്ങൾ നീണ്ടകരയിലും ബോട്ടുകൾ ശക്തികുളങ്ങരയിലുമാണ് അടുപ്പിച്ചത്. ലേലം ഒഴിവാക്കി രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ഹാർബർ കമ്മിറ്റി നിശ്ചയിച്ച വിലയ്ക്ക് കിലോ നിരക്കിലാണ് വില്പന. ഫിഷറീസ് വകുപ്പിന്റെ മുന്നോട്ട് വച്ച മാനദണ്ഡത്തിന് ഉള്ളിൽ നിൽക്കുന്ന കൂടുതൽ വള്ളങ്ങളും ബോട്ടുകളും ഇന്ന് മുതൽ കടലിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. ഇന്നലെ ശക്തികുളങ്ങര ഹാർബറിൽ 5,600 കിലോയും നീണ്ടകരയിൽ 6,949 കിലോ മത്സ്യവുമെത്തി.

മേയ് 3 വരെ തുടരും

വള്ളങ്ങൾ നീണ്ടകര ഹാർബറിലും ബോട്ടുകൾ ശക്തികുളങ്ങര ഹാർബറിലുമാണ് അടുക്കുന്നത്. മേയ് മൂന്നുവരെ ഇതു തുടരും. രാവിലെ എത്തിയ വള്ളങ്ങളിൽ കരിച്ചാള ഇനത്തിൽ പെട്ട മത്സ്യമാണ് ലഭിച്ചത്. തുടക്കത്തിൽ കിലോയ്ക്ക് നൂറ്റി എൺപത് രൂപ വില നിശ്ചയിച്ചെങ്കിലും പിന്നീട് നൂറ്റി അൻപതാക്കി കുറച്ചു.

ചർച്ച ഫലം കണ്ടു

ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ്,​ ഫിഷറീസ്, മത്സ്യഫെഡ്, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ ചർച്ചയിൽ ഹാർബറിൽ ലഭ്യമായ സ്ഥലം എട്ടായി തിരിച്ച് വള്ളങ്ങൾ അടുപ്പിക്കാൻ തീരുമാനിച്ചു. നിയന്ത്രിതമായ അളവിൽ ആളുകളെ കയറ്റാനും മത്സ്യഫെഡ് തീരുമാനിക്കുന്ന വിലയ്ക്ക് വിൽപ്പന നടത്താനും ധാരണയായി.